താനാജി- ദി അണ്‍സങ് വാരിയര്‍ എന്ന പേരിലൂടെ ഈ സിനിമ വലിയൊരു ചോദ്യചിഹ്നം ഉയര്‍ത്തിയിരിക്കുന്നത് ഇവിടുത്തെ പ്രഖ്യാപിത ചരിത്രകാരന്മാരോടാണ്.
അതെ, താനാജി മലുസരെ അറിയപ്പെടാതെ പോയ പോരാളിയാണ്, അല്ലെങ്കില്‍ ഭാരതത്തിന്റെ രോമാഞ്ചമുണര്‍ത്തുന്ന പോരാട്ട ചരിത്രങ്ങളില്‍ അറിയപ്പെടാതെ പോയ, ആരാലും എഴുതപ്പെടാതെ പോയ അനേകം പോരാളികളില്‍ പ്രമുഖനാണ്.
ഛത്രപതി ശിവാജി മഹാരാജാവിന്റെ ഇടംകൈ എന്നാണ് സുബേദാര്‍ താനാജി മലുസരെ അറിയപ്പെട്ടിരുന്നത്. ശിവാജിയുടെ ഏറ്റവും വിശ്വസ്തനും ധീരനുമായ പടനായകന്റെ രണസ്മരണയ്‌ക്ക് മുന്നിലാണ് ബലേശ്വര്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന സിംഹഗഡ് കോട്ട ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ നിയന്ത്രണത്തില്‍ അയാളുടെ അടുത്ത അനുയായിയായ ഉദയ് ഭാന്റെ നേതൃത്വത്തില്‍ സുരക്ഷിതമായിരുന്ന കൊണ്ടാന കോട്ട ശിവാജിക്ക് വേണ്ടി താനാജിയും സൈന്യവും പിടിച്ചെടുക്കുന്നതാണ് ഈ ചരിത്ര സിനിമയുടെ ഇതിവൃത്തം.
പോരാട്ടത്തില്‍ വലംകൈ നഷ്ടപ്പെട്ടെങ്കിലും ഇടംകൈയ്യാല്‍ ഉദയ് ഭാനെ കൊലപ്പെടുത്തി മുഗള്‍പതാക വലിച്ചെറിഞ്ഞു കളഞ്ഞിട്ട് പകരം മറാത്താ സാമ്രാജ്യത്തിന്റെ പ്രതീകമായ ഭഗവധ്വജം സ്ഥാപിച്ചു കഴിഞ്ഞാണ് താനാജി മരണത്തിന് കീഴടങ്ങുന്നത്.. മറാത്താ സാമ്രാജ്യത്തിന്റെ അഭിമാന സ്തംഭമായ കോട്ട തിരിച്ചുപിടിച്ചെങ്കിലും ആത്മസ്‌നേഹിതന്റെ ബലിദാനം ശിവാജിയെ ദുഖിതനാക്കി. ‘കോട്ട തിരികെ പിടിച്ചുവെങ്കിലും സിംഹം വീരചരമം പ്രാപിച്ചു ‘ എന്നാണ് അദ്ദേഹം പറഞ്ഞത്. താനാജിയുടെ സ്മരണയില്‍ കൊണ്ടാന കോട്ട സിംഹഗഡായി പുനര്‍നാമകരണം ചെയ്യപ്പെട്ടതും ചരിത്രം.
ഈ ചരിത്രം അഭ്രപാളിയിലേക്ക് എത്തുമ്പോള്‍ പതിനേഴാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ദാഹത്തിന്റെ നേര്‍കാഴ്ചകളാണ് കാണുവാന്‍ സാധിക്കുന്നത്.
കൂട്ടിക്കിഴിക്കലുകള്‍ ഒന്നുമില്ലാതെ തീര്‍ത്തും സത്യസന്ധമായി മറാത്തകളുടെ പോരാട്ടവീര്യവും, ദേശഭക്തിയും പകര്‍ത്തിയിരിക്കുന്നു സംവിധായകന്‍ ഓം റൗട്ടും തിരക്കഥാകൃത്തായ പ്രകാശ് കപാഡിയയും.
അധിനിവേശ ശക്തികളുടെ ഈറ്റില്ലമായിരുന്ന ഭാരതത്തിന്റെ ചരിത്രത്തിലെ സുവര്‍ണ്ണ ഏടാണ് ഛത്രപതി ശിവാജി സ്ഥാപിച്ച മറാത്താ സാമ്രാജ്യം. അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലഘട്ടം എന്നത് മുഗള്‍സാമ്രാജ്യത്വത്തിന്റെയും, അവരുടെ സാമന്തന്മാരായിരുന്ന സുല്‍ത്താന്മാരുടെയും ഭരണകാലഘട്ടമായിരുന്നു. സാധാരണ ജനങ്ങളെ അണിനിരത്തി അതിശക്തവും സമ്പന്നവുമായിരുന്ന മുഗള്‍ സൈന്യത്തെ തോല്‍പ്പിച്ചുകൊണ്ടാണ് ബീജാപ്പൂര്‍ സുല്‍ത്താന്റെ തോരണഘട്ട് കോട്ട ശിവാജി പിടിച്ചടക്കിയത്. അദ്ദേഹത്തിന്റെ പടയോട്ടത്തിന്റെ തുടക്കവും ഇതായിരുന്നു. പിന്നീടാണ് അഫ്‌സല്‍ ഖാനെന്ന അധിനിവേശക്കാരനെ തുരത്തിയ ചരിത്രപ്രസിദ്ധമായ പ്രതാപ്ഘട്ട് യുദ്ധം.
ബീജാപ്പൂര്‍ സുല്‍ത്താന്‍ പടയുമായി വീണ്ടും വന്നെങ്കിലും കോഹ്‌ലാപൂരില്‍ വെച്ചുനടന്ന യുദ്ധത്തില്‍ ശിവാജി വീണ്ടും സുല്‍ത്താനെ തോല്‍പ്പിച്ചു. പിന്നീട് 1665ല്‍ രാജാ ജയ് സിംഹന്റെ നേതൃത്വത്തില്‍ മുഗളര്‍ക്ക് വേണ്ടി വന്ന വമ്പന്‍ പട ശിവാജിയെ പരാജയപ്പെടുത്തി. സന്ധിയുടെ ഭാഗമായി കൊണ്ടാന ഉള്‍പ്പെടെയുള്ള കോട്ടകള്‍ ശിവാജിക്ക് വിട്ടുകൊടുക്കേണ്ടി വന്നു.
1670ല്‍ നഷ്ട്ടപ്പെട്ട കോട്ടകള്‍ തിരിച്ചുപിടിക്കാന്‍ ശിവാജി തീരുമാനിച്ചപ്പോള്‍ കൊണ്ടാന പിടിച്ചെടുക്കാന്‍ നിയുക്തനായത് താനാജി ആയിരുന്നു. ശിവാജി നേരിട്ട് പങ്കെടുക്കാത്ത ഈ യുദ്ധത്തില്‍ 1670 ഫെബ്രുവരി 4 ന് തെരഞ്ഞെടുത്ത ചെറുസൈന്യവുമായി താനാജി കൊണ്ടാന കോട്ട ആക്രമിക്കുകയും സ്വജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ട് കോട്ട പിടിച്ചടക്കി ഭഗവധ്വജം ഉയര്‍ത്തി മറാത്ത വീര്യം കാത്തുസൂക്ഷിക്കുകയും ചെയ്തു.
ഈ ത്രസിപ്പിക്കുന്ന പോരാട്ട ചരിതമാണ് ‘താനാജി’യില്‍ കൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അജയ്‌ദേവ്ഗണിന്റെയും, സെയിഫ് അലിഖാന്റേയും അഭിനയജീവിതത്തില്‍ ഇതേവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് താനാജിയും ഉദയ് ഭാനും. മറാത്താ ക്ഷാത്രവീര്യത്തിന്റെ എണ്ണം തികഞ്ഞ യോദ്ധാവായി കെട്ടിലും മട്ടിലും അജയ്‌ദേവ്ഗണ്‍ നിറഞ്ഞാടുന്ന ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള വില്ലനാണ് സെയിഫ് അവതരിപ്പിച്ച ഉദയ്ഭാന്‍. പകയും ക്രൗര്യവും ഒത്തിണങ്ങുന്ന നിലവാരമുള്ള ഭാവാഭിനയത്തിലൂടെ ഉദയ്ഭാനെ സയിഫ് മികവുറ്റതാക്കി.
താനാജിയുടെ സിനിമയായതു കൊണ്ട് തന്നെ ഏതാനും രംഗങ്ങളില്‍ മാത്രമാണ് ശിവാജിയുടെ സാന്നിധ്യം. പക്ഷെ ആ രംഗങ്ങളില്‍ ക്ഷാത്രതേജസ്സുറ്റ ശിവാജിയെ ഗംഭീരമായി അവതരിപ്പിച്ചത് ശരത് ഖേല്‍ക്കര്‍ ആണ്. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. താനാജിയുടെ ഭാര്യ സാവിത്രിയായി കാജോളും, ശിവാജിയുടെ മാതാവ് ജീജാമാതയായി പദ്മാവതി റാവുവും, രജപുത്ര രാജകുമാരി കമലാദേവിയായി നേഹ ശര്‍മ്മയും ആണ് സ്വാഭിമാനവും രണധീരതയും കൈമുതലായുള്ള സ്ത്രീകളായി രംഗത്ത് വരുന്നത്.
ഏറ്റവും അഭിമാനകരമായ മറ്റൊരു കാര്യം ഛായാഗ്രഹണമാണ്. ലോക നിലവാരത്തിലുള്ള ഛായാഗ്രഹണം നിര്‍വഹിച്ചതും ഒരു വനിതയാണ്. ഖേല്‍കോ നകഹര. ഔറംഗസേബായി ലൂക്ക് കെന്നിയും, സൂര്യാജി മലുസരെയായി ദേവദത്ത നാഗേയും, പശ്ചാത്തല സംഗീതമൊരുക്കിയ സന്ദീപ് ശിരോദ്കറും തങ്ങളുടെ ഭാഗം ഭംഗിയായി നിര്‍വ്വഹിച്ചു. ശബ്ദമിശ്രണം, എഡിറ്റിംഗ്, ആക്ഷന്‍, മേക്ക്അപ്പ്, കലാസംവിധാനം അങ്ങനെ എല്ലാ മേഖലകളും ഉന്നതനിലവാരം പുലര്‍ത്തി.
എഴുതപ്പെടാതെ പോയ ചരിത്രപുരുഷനായ താനാജിയുടെ ചരിത്രം അല്‍പ്പം പോലും വെള്ളം ചേര്‍ക്കാതെ ബിഗ്‌സ്‌ക്രീനില്‍ കാണുമ്പോള്‍ അഭിമാനമാണ് ഓരോ പ്രേക്ഷകര്‍ക്കും അനുഭവപ്പെടുക. തങ്ങളുടെ രാഷ്‌ട്രത്തിന്റെ ഭാഗധേയത്തില്‍ സ്വജീവന്‍ ബലിയര്‍പ്പിച്ച ഇതേപോലെയുള്ള ധീരരാണ് നമ്മുടെ മാതൃകകള്‍, വഴികാട്ടികള്‍ എന്ന ആത്മബോധത്തില്‍ നിന്നുമാണ് ആ അഭിമാനം ഉദയം കൊള്ളുന്നത്.
ഉദയ് ഭാന്റെ ചിത്രവധത്തിന് വിധേയനാകുമ്പോഴും താനാജി പറയുന്ന വാക്കുകള്‍ പോലെ…
‘മറാത്തകള്‍ ഭ്രാന്തന്മാരാണ്…
സ്വരാജ്യത്തിനു വേണ്ടി…
ശിവാജി മഹാരാജിന് വേണ്ടി…
ഭഗവധ്വജത്തിന് വേണ്ടി…
ഞങ്ങള്‍ ഭ്രാന്തന്മാരാണ്…’
അതെ…താനാജി കഥയല്ല, ചരിത്രമാണ്…വീര ചരിത്രം