ലഖ്‌നൗ: ഉത്തർപ്രദേശിലെ റോഡ് അടിസ്ഥാന സൗകര്യ വികസനത്തിന് വൻ കുതിപ്പേകുന്ന പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. നിർദിഷ്ട ആറുവരി ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടാനുള്ള പദ്ധതിക്കാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
മീററ്റിൽ നിന്ന് ഹരിദ്വാറിലേക്ക് എക്സ്പ്രസ് വേ നീട്ടുന്നതിനായി ഏകദേശം 10,761 കോടി ചെലവഴിക്കാനാണ് ഉത്തർപ്രദേശ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായമില്ലാതെ പദ്ധതി പൂർണമായും സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് നടപ്പാക്കുക.
ഗ്രീൻഫീൽഡ് പദ്ധതിയായി ആറുവരി പാതയിലാണ് എക്സ്പ്രസ് വേ നിർമിക്കുക. ഭാവിയിൽ ഇത് എട്ടുവരിയായി വികസിപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തും.
പ്രയാഗ്‌രാജ്- ഹരിദ്വാർ അതിവേഗ പാത
പദ്ധതി പൂർത്തിയാകുന്നതോടെ രണ്ട് പ്രധാന കുംഭമേള നഗരങ്ങളായ പ്രയാഗ്‌രാജും ഹരിദ്വാറും നിയന്ത്രിത വേഗതയുള്ള എക്സ്പ്രസ് വേ വഴി നേരിട്ട് ബന്ധിപ്പിക്കപ്പെടും. ഉത്തർപ്രദേശിൽ ഏകദേശം 100 കിലോമീറ്ററും ഉത്തരാഖണ്ഡ് അതിർത്തിയിൽ 30 കിലോമീറ്ററും ഉൾപ്പെടുന്നതാണ് നിർദിഷ്ട പുതിയ പാത.
നിലവിൽ എൻഎച്ച്-34-നെ പ്രധാനമായും ആശ്രയിക്കുന്ന ബിജ്‌നോർ ജില്ലയിലുള്ളവർക്ക് ഹരിദ്വാറിലേക്കുള്ള യാത്ര കൂടുതൽ എളുപ്പവും വേഗത്തിലുമാക്കാൻ പദ്ധതി സഹായിക്കും. ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലേക്കുള്ള കണക്റ്റിവിറ്റിയും ഇതിലൂടെ മെച്ചപ്പെടും.
തീർത്ഥാടന ടൂറിസത്തിനും വ്യവസായ മേഖലയ്‌ക്കും നേട്ടം
പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ തമ്മിലുള്ള ഗതാഗതം സുഗമമാകുന്നതോടെ ആത്മീയ-മത ടൂറിസം മേഖലയ്‌ക്ക് വലിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ. ബിജ്‌നോർ, ഹരിദ്വാർ തുടങ്ങിയ മേഖലകളിൽ വ്യവസായ വികസനത്തിനും പുതിയ നിക്ഷേപങ്ങൾക്കും പദ്ധതി വഴിയൊരുക്കും.
നിർമാണ പ്രവർത്തനങ്ങൾക്കൊപ്പം അനുബന്ധ സാമ്പത്തിക പ്രവർത്തനങ്ങളും വർധിക്കുന്നതോടെ ആയിരക്കണക്കിന് ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഉത്തർപ്രദേശിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ വേഗം നൽകുന്ന പദ്ധതിയായാണ് ഗംഗാ എക്സ്പ്രസ് വേയുടെ ഹരിദ്വാർ വിപുലീകരണത്തെ സർക്കാർ വിലയിരുത്തുന്നത്.















