‘സസ്റ്റൈനബിൾ ലക്ഷ്വറി’ ; ആഡംബര എംപിവി വെൽഫയർ പുറത്തിറക്കി ടൊയോട്ട; വില 79.5 ലക്ഷം മുതൽ

Published by
Janam Web Desk

ടൊയോട്ടയുടെ ആഡംബര എംപിവിയായ വെൽഫയർ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന വെൽഫയറിന് 79.5 ലക്ഷം രൂപ മുതലാണ് വില. സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ എന്ന എന്ന വിശേഷണത്തോടെയാണ് വാഹനത്തിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ ഇന്നോവ ക്രിസ്റ്റയുടെ പരിഷ്കരിച്ച പതിപ്പെന്ന് തോന്നിക്കുന്നതാണ് വാഹനത്തിന്റെ ഡിസൈൻ. എന്നാൽ ഇന്നോവയിൽ നിന്നും വലിയ മാറ്റങ്ങളാണ് ഡിസൈനിലുള്ളത്. എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലാമ്പുകളും കാഴ്ചയിൽ വാഹനത്തിന് കൂടുതൽ മനോഹാരിത നൽകുന്നുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പ്, പുതിയ ഡിസൈനിലുള്ള ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീല്‍ തുടങ്ങിയവ വാഹനത്തിന് സ്പോർട്ട് ലുക്ക് നൽകുന്നുണ്ട്. ഇലക്ട്രിക് സ്ലൈഡിംഗ് ഡോറാണ് വെൽഫയറിന് കമ്പനി നൽകിയിട്ടുള്ളത്.

ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുമായി സംയോജിപ്പിച്ചിരിക്കുന്ന 7.0 ഇഞ്ച് ടച്ച്‌ സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ടൊയോട്ടയുടെ പുത്തൻ എംപിവിയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിൽ ആപ്പിൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും ഉപയോഗിക്കാനാവും ഇതിനൊപ്പം മറ്റൊരു 10 ഇഞ്ച് ടച്ച് സ്ക്രീൻ എച്ച്ഡി ഡിസ്പ്ലേയും വാഹനത്തിൽ നൽകിയിട്ടുണ്ട്. പിൻ സീറ്റിലിരിക്കുന്നവർക്ക് വേണ്ടി രണ്ടാം നിരയിലാണ് സ്ക്രീൻ നൽകിയിരിക്കുന്നത്.

വാഹനത്തിനുള്ളിൽ കൂടുതൽ ആഡംബരം നൽകുന്നതിനായി പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി ഉള്ള ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വെന്റിലേറ്റഡ് സീറ്റുകളാണ് ടൊയോട്ട ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ വരിയിൽ ഇരിക്കുന്നവർക്ക് പ്രീമിയം ഫീൽ നൽകാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. പൂര്‍ണമായും ചായ്‌ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്‌റെസ്റ്റ് എന്നിവ അതിന് ഉദാഹരണങ്ങളാണ്. ഇതിനൊപ്പം വാഹനത്തിൽ വൈഫൈ ഹോട്ട്സ്പോട്ടും നൽകിയിട്ടുണ്ട്. വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.

ഗാസോലിൻ ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. നാലാം തലമുറ ഇലക്ട്രിക് ഹൈബ്രിഡ് എഞ്ചിനുള്ള വാഹനം ഫോർ വീൽ ഡ്രൈവ് കൂടിയാണ്. ‘സസ്റ്റൈനബിൾ ലക്ഷ്വറി’ എന്ന വിശേഷണവുമായാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്.

 

Share
Leave a Comment