ന്യൂഡല്‍ഹി: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും അനിവാര്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് -19 നോവല്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രാലയങ്ങളിലും സംസ്ഥാനങ്ങളിലും നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിസ താത്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് മുതല്‍ ആരോഗ്യ പരിരക്ഷാ ശേഷി വര്‍ദ്ധിപ്പിക്കല്‍ വരെ ഈ നടപടികളുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളില്‍ ഒരു കേന്ദ്രമന്ത്രിയും വിദേശയാത്ര നടത്തില്ല. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കുന്നതിലൂടെ വൈറസ് വ്യാപനത്തിന് തടയിടാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന് മോദി വ്യക്തമാക്കി.