ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഡൽഹിക്ക് ആശ്വാസമാകുന്നു. ഫാക്ടറികളും മറ്റ് സ്ഥാപനങ്ങളും അടച്ചു പൂട്ടിയതോടെ ഡൽഹിയിലെ വായുമലിനീകരണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരവും മെച്ചപ്പെട്ടതായാണ് റിപ്പോർട്ട്.
കഴിഞ്ഞ രണ്ട് ദിവസം ഡൽഹിയിൽ മലിനീകരണം വലിയ തോതിൽ കുറഞ്ഞിരുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റെ മോണിറ്ററിംഗ് സ്റ്റേഷനിൽ 56 ആണ് റീഡിംഗ് രേഖപ്പെടുത്തിയത്. നേരത്തേയുണ്ടായ സാഹചര്യത്തെ അപേക്ഷിച്ചു വായുവിന്റെ ഗുണനിലവാരം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ജവഹർലാൽ നെഹ്റു സ്റ്റേഡിയ പരിസരത്ത് രേഖപ്പെടുത്തിയ റീഡിംഗ് 71 ആണ്. നേരത്തെ ഇത് 200 വരെ ഉയർന്നിരുന്നു. റീഡിംഗ് 200 രേഖപ്പെടുത്തുന്നത് ആരോഗ്യത്തിന് ഹാനികരമായാണ് വിലയിരുത്തപ്പെടുന്നത്. 21 ദിവസത്തെ ലോക്ക് ഡൗൺ കഴിയുന്നതോടെ തലസ്ഥാനത്തെ അന്തരീക്ഷം പഴയപടി ആകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.