ടോക്കിയോ: 2021ല്‍ ഒളിമ്പിക്‌സ് നടത്താനാകുമോ എന്ന ആശങ്ക പങ്കുവച്ച് ജപ്പാന്‍ ഒളിമ്പിക്‌സ് മേധാവി തൊഷീറോ മൂട്ടോ. 16 മാസത്തെ ഇടവേള കിട്ടിയാലും ലോകം ഒളിമ്പിക്‌സിനായി തയ്യാറാവുമോ എന്നതിലാണ് മൂട്ടോവിന്റെ ഗൗരവമേറിയ സംശയം. ജപ്പാനില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും കൂടിയാണ് ജപ്പാന്‍ ഒളിമ്പിക്‌സ് മേധാവിയുടെ അഭിപ്രായപ്രകടനങ്ങള്‍.
‘അടുത്ത വര്‍ഷം ജൂലൈയിലേക്ക് ലോകം ഒളിമ്പിക്‌സ് പോലുള്ള കായികമത്സരത്തിനായി തയ്യാറാവുമോ എന്നതില്‍ സംശയമുണ്ട്. ഒരോ രാജ്യത്തേയും സാഹചര്യങ്ങള്‍ മാറിമറിയുന്നത് ഒരു കൃത്യമായ ഉത്തരം നല്‍കാന്‍ തനിക്ക് വിഷമമുണ്ട്. മാത്രമല്ല ഒളിമ്പിക്‌സിന് തൊട്ടുപുറകേ പാരലിംമ്പിക്‌സും അവിടെത്തന്നെ നടക്കേണ്ടതുമാണ്.’ തൊഷീറോ മൂട്ടോ വ്യക്തമാക്കി.
ജപ്പാനില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച മുതല്‍ രാജ്യത്ത് പ്രധാനമന്ത്രി ഷിന്‍സോ ആബേ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റ് രാജ്യങ്ങളേക്കാള്‍ വൈകിയാണ് ജപ്പാന്‍ കൊറോണക്കെതിരെ നടപടികള്‍ ആരംഭിച്ചതെന്ന വിമര്‍ശനം ആബേക്കെതിരെ ഉയര്‍ന്നിരിക്കുകയാണ്.