ലണ്ടന്‍: ലോകക്രിക്കറ്റിലെ എക്കാലത്തേയും അക്രമകാരിയായ ബാറ്റ്‌സ്മാന്റെ അവിസ്മരണീയ ഇന്നിംഗ്‌സ് നേട്ടത്തിന്റെ ഓര്‍മ്മ പുതുക്കി ക്രിക്കറ്റ് ലോകം. ആന്റിഗ്വയില്‍ വിവ് റിച്ചാര്‍ഡ്‌സ് ഇംഗ്ലണ്ടിനെ തകര്‍ത്തറിഞ്ഞ ബാറ്റിംഗ് കരുത്താണ് ഇന്ന് വീണ്ടും ഓര്‍ക്കുന്നത്. വെറും 56 പന്തില്‍ സെഞ്ച്വറി അതും ടെസ്റ്റ്ക്രിക്കറ്റിലെന്നത് അന്നും ഇന്നും അതിശയിപ്പിക്കുന്ന ഒന്നാണെന്ന് ക്രിക്കറ്റ് വിദഗ്ധരെല്ലാം ഒരുപോലെ സമ്മതിക്കുകയാണ്.
ആന്റിഗ്വയിലെ സ്വന്തം മണ്ണിലെ ഹരിക്കെയിന്‍ കൊടുങ്കാറ്റെന്നാണ് അന്ന് മാദ്ധ്യമങ്ങള്‍ ആ ബാറ്റിംഗിനെ വിശേഷിപ്പിച്ചത്. ലോകക്രിക്കറ്റില്‍ തന്റെ സ്വതസിദ്ധമായ പോരാട്ടവീര്യത്തിന് പേരുകേട്ട വിന്‍ഡീസ് താരം വിവ് റിച്ചാര്‍ഡ്‌സിന്റെ നേട്ടം 30 വര്‍ഷം തകർക്കാതെ നിലനിന്നു.
ഇംഗ്ലണ്ടിനെതിരെയുള്ള അവസാനടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിന്റെ ഏതാണ്ട് പകുതി യിലാണ് റിച്ചാര്‍ഡ്‌സിന്റെ ഇറക്കം. സ്ലിപ്പില്‍ ഏഴുപേരെ നിര്‍ത്തിയുള്ള ഇംഗ്ലണ്ടിന്റെ പ്രതിരോധം റിച്ചാര്‍ഡ്‌സിന്റെ വിജയതൃഷ്ണക്ക് തടസ്സമായില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ 5-0ന് ആതിഥേയരെ തൂത്തുവാരിയ കരീബിയന്‍ നിര സ്വന്തം മണ്ണില്‍ 4-0ന് തന്നെ ശ്കതമായ നിലയിലായിരുന്നു. അവസാനടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 164 റണ്‍സിന്റ ലീഡുമായിട്ടായിരുന്നു കളിപുനരാരംഭിച്ചത്.
കരീബിയന്‍ നിരക്കുവേണ്ടി അന്നത്തെ ലോകോത്തര ഓപ്പണര്‍മാരായ ഹെയിന്‍സും റിച്ചാര്‍ഡസണും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടിന് ശേഷമാണ് റിച്ചാര്‍ഡ്‌സിന്റെ വരവ്. ഇംഗ്ലണ്ടിനെ കൊന്ന്‌കൊലവിളിക്കുന്ന ശരീരഭാഷയായിരുന്നു കളിയിലുടനീളം റിച്ചാര്‍ഡ് കാണിച്ചത്. 20 റണ്‍സിനിടെ തന്നെ രണ്ടു സിക്‌സറുകള്‍ പറന്നു. 35 പന്തില്‍ 50 റണ്‍സ് ചേര്‍ത്തു. റണ്‍ദാഹം അവിടെ തീര്‍ന്നില്ല. കിട്ടിയ എല്ലാ പന്തിലും ഫോറും സിക്‌സറും എന്നതായിരുന്നു മനോഭാവം. അടുത്ത 21 പന്തില്‍ രണ്ടാമത്തെ 50 റണ്‍സ് പിറന്നതോടെ 56 പന്തില്‍ സെഞ്ച്വറി പിറന്നു. അന്ന് ആകെ നേടിയത് 58 പന്തില്‍ 110 റണ്‍സായിരുന്നു. ഇംഗ്ലീഷ് ബൗളര്‍മാര്‍ അടികൊണ്ട് വശം കെട്ടു. ആകെ 410 റണ്‍സ് ലീഡ് നേടിയ വിന്‍ഡീസ് വെറും 179 റണ്‍സിന് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചു.
വിവ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത് 1920ലെ ജാക്ക് ഗ്രിഗറിയുടെ വേഗത്തിലുള്ള ടെസ്റ്റ് സെഞ്ച്വറി എന്ന റെക്കോഡ് തകര്‍ത്തായിരുന്നു. 30 വര്‍ഷത്തെ വിവ് റിച്ചാര്‍ഡ്‌സിന്റെ നേട്ടം പിന്നീട് പാകിസ്ഥാന്റെ മിസ്ബാ ഉള്‍ഹഖും ന്യൂസിലാന്റിന്റെ ബ്രന്‍ഡന്‍ മക്കുല്ലവും 54 പന്തില്‍ നേടി തിരുത്തിഎഴുതി.