ഗുവാഹട്ടി: ഒളിമ്പിക്‌സ് മെഡലാണ് തന്റെ ലക്ഷ്യമെന്ന് അസ്സമിന്റെ ബോക്‌സിംഗ് അത്ഭുതമായ അന്‍കുഷിത ബോറോ. 2017ലെ ലോക യുവ വനിതാ ബോക്‌സിംഗ് ചാമ്പ്യനാണ് അന്‍കുഷിത. തനിക്കെന്നും പ്രേരണയും മാതൃകയും മേരികോം ആണെന്നും അന്‍കുഷിത പറഞ്ഞു.
അസ്സമിന്റെ കായികരംഗത്തേക്ക് അന്‍കുഷിതയുടെ വരവ് തികച്ചും യാദൃശ്ചികമായിരുന്നു. 2012ല്‍ ബോക്‌സിംഗ് കാണാന്‍ പോലും പോകാതിരുന്ന സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി അടുത്ത അഞ്ചു വര്‍ഷത്തിനകം ലോകചാമ്പ്യനായത് എല്ലാ യുവാക്കള്‍ക്കും പ്രേരണയാണെന്നാണ് കായികലോകം വിലയിരുത്തുന്നത്.
ജില്ലയില്‍ നടക്കുന്ന ഒരു ബോക്‌സിംഗ് തിരഞ്ഞെടുപ്പിലേക്ക് കൂട്ടുകാരിക്കൊപ്പം പോയതാണ് വഴിത്തിരിവായത്. അതൊരു ഗംഭീര തുടക്കമായിരുന്നു. നിലവില്‍ അസ്സമിന്റെ യുവതാരങ്ങള്‍ക്ക് ശക്തമായ പ്രേരണയാണ് 19 വയസ്സുകാരിയായ സോനിത്പൂര്‍ ജില്ലക്കാരിയായ അന്‍കുഷിത. അടുത്തു കഴിഞ്ഞ ഖേലോ ഇന്ത്യാ മത്സരങ്ങളില്‍ 64 കിലോ ഗ്രാം വിഭാഗത്തില്‍ അന്‍കുഷിത സ്വര്‍ണ്ണം നേടിയിരുന്നു. ലോവിലിന ബോര്‍ഗോഹായിയും ജമുനാ ബോറോയും സ്വന്തം നാട്ടിലെ അന്താരാഷ്‌ട്ര താരങ്ങളെന്ന നിലയില്‍ തനിക്ക് പിന്തുണ നല്‍കുന്നതായും അന്‍കുഷിത പറഞ്ഞു.