ഇറ്റാനഗര്‍: സ്വന്തം സംസ്ഥാനക്കാരെ സംരക്ഷിക്കുന്നതില്‍ കാലതാമസം വരുത്താതെ അരുണാചല്‍ പ്രദേശ് ഭരണകൂടം. നിലവില്‍ കൊറോണ ലോക് ഡൗൺ മൂലം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ അരുണാചല്‍ നിവാസികള്‍ക്കും അടിയന്തിര സാമ്പത്തിക സഹായം നല്‍കാനാണ് തീരുമാനം. എല്ലാവര്ക്കും അവരവരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിക്കുമെന്ന് മുഖ്യമന്ത്രി പേമാ ഖണ്ഡു അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ അരുണാചല്‍ നിവാസികള്‍ക്കും 3500 രൂപാ വീതമാണ് ഉടന്‍ അക്കൗണ്ടിലേക്ക് ഇടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ധനസഹായം നല്‍കുന്നത്. ഇതുകൂടാതെ ആര്‍ക്കെങ്കിലും മറ്റ് സഹായം വേണമെങ്കിൽ അവരവരുടെ ജില്ലാ മേധാവിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കണമെന്നും അറിയിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശിൽ നിലവിൽ പുതിയ കൊറോണ കേസുകളില്ല. നിലവില്‍ ഒരാളാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യവകുപ്പറിയിച്ചു.