ന്യൂഡല്‍ഹി: കൊറോണ വ്യാപനം മൂലം ഒരു രാജ്യത്തെ തീരങ്ങളിലും അടുക്കാനാകാതെ നടുക്കടലിലായ ഇന്ത്യന്‍ തൊഴിലാളികളെ മടക്കി എത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. കടല്‍ മേഖലയിലെ ചരക്കുഗതാഗതം, ക്രൂയിസ് സംവിധാനം എന്നിവ ഒരുക്കുന്ന സീ ഫെയറേഴ്‌സ് യൂണിയനുകലും ഷിപ്പിംഗ് ലൈന്‍ കമ്പനികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കേന്ദ്ര കപ്പല്‍ഗതാഗത വകുപ്പ് മന്ത്രി മാന്‍സുഖ് മാണ്ഡവ്യ നടപടിക്രമം അറിയിച്ചത്.
നിലവില്‍ ഇന്ത്യയില്‍ നിന്നും പുറപ്പെട്ട് എങ്ങും എത്താനാകാതെ നടുക്കടലില്‍ നങ്കുരമിട്ട വരുടേയും മറ്റേതെങ്കിലും രാജ്യത്തെ ലോക്ഡൗണ്‍ നിയന്ത്രണത്തില്‍ കുടുങ്ങിയവരുടേയും മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനുള്ള നടപടി ക്രമം പൂര്‍ത്തിയായതായും കേന്ദ്രമന്ത്രി അറിയിച്ചു.
നിലവില്‍ വിവിധ തുറമുഖങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള സംവിധാനം ഒരുക്കിയതായും കേന്ദ്രമന്ത്രി അറിയിച്ചു. ഒപ്പം പ്രവര്‍ത്തനം ആരംഭിക്കുന്ന മുറയ്‌ക്ക് കൃത്യമായ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംവിധാനം അതാത് പോര്‍ട്ടുകളില്‍ ഒരുക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോടായി പറഞ്ഞു.