ന്യൂഡൽഹി : അറബ് രാഷ്‌ട്രങ്ങൾ പോലും തള്ളിക്കളഞ്ഞ പാകിസ്താന്റെ ഇന്ത്യാ വിരുദ്ധ പ്രചാരണത്തെ പിന്തുണച്ച് ഡൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫറുൾ ഇസ്ലാം ഖാൻ. ഇന്ത്യക്കെതിരെ നിലപാടെടുത്തതിനാണ് കുവൈത്തിന് ഖാൻ നന്ദി പറഞ്ഞത്. ഇന്ത്യയിലെ മുസ്ലിങ്ങളെ പീഡിപ്പിച്ചാൽ അറബ് രാജ്യങ്ങൾ അതിൽ ഇടപെടാതിരിക്കുമെന്ന് കരുതുന്നുണ്ടോ എന്നും സഫറുൾ ഇസ്ലാം ഖാൻ ചോദിച്ചു.
ഇന്ത്യക്കെതിരെ പാക് പിന്തുണയുള്ള അറബ് ട്വിറ്റർ ഐഡികളിൽ നിന്ന് വന്ന പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഖാന്റെ പരാമർശം. എന്നാൽ ഇതിൽ പലതും വ്യാജ ഐഡികളായിരുന്നു. മാത്രമല്ല പാകിസ്താന്റെ സൈബർ പ്രചാരണങ്ങൾ ഇന്ത്യയുമായുള്ള ബന്ധത്തെ ഒരു കാരണവശാലും തടസ്സപ്പെടുത്തില്ലെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജ അക്കൗണ്ടുകൾ പരാമർശിച്ച് കൊണ്ട് സഫറുൾ ഇസ്ലാം ഖാന്റെ ഭീഷണി.
തത്കാലം അറബ് രാജ്യങ്ങളോട് പരാതി പറയുന്നതേ ഉള്ളൂവെന്നും അതിനപ്പുറം ചെയ്ത് തുടങ്ങിയാൽ അത് നേരിടാൻ ആർക്കും കഴിയില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നു. ഭീകരവാദക്കേസുകളിൽ എൻ.ഐ.എ അന്വേഷിക്കുന്ന സക്കീർ നായിക്ക് വളരെ ആദരണീയനാണെന്ന പരാമർശവും ഇയാൾ നടത്തിയിട്ടുണ്ട്.
അതേസമയം സഫറുൾ ഇസ്ലാം ഖാനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. നേരത്തെ തന്നെ തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് ഖാൻ. തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനൊപ്പം പല പരിപാടികളിൽ ഇയാൾ പങ്കെടുത്തിട്ടുണ്ട്.