ഫ്രാങ്ക്ഫര്‍ട്ട്: ഈ മാസം നടത്താന്‍ തീരുമാനിച്ച ജര്‍മ്മന്‍ ലീഗ് ഫുട്‌ബോള് നിറംകെട്ട താകുമെന്ന് ലീഗ് മേധാവി. ബുന്ദേസ്ലീഗാ മത്സരങ്ങള്‍ ഈ മാസം 15-ാം തീയതി മുതല്‍ നടപ്പാക്കാനിരിക്കേയാണ് ലീഗ് മേധാവി ആത്മവിശ്വാസക്കുറവ് പ്രകടമാക്കിയത്. ഡിഎഫ്എല്ലിന്റെ സിഇഒ പദവി വഹിക്കുന്ന ക്രിസ്റ്റിയന്‍ സീഫെര്‍ട്ടാണ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ പോകുന്ന മത്സരത്തെ പരാമര്‍ശിച്ചത്. ‘ മത്സരങ്ങള്‍ ഏതു വിധേനയും ഈ മാസം ആരംഭിക്കണം. എന്നാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലെന്നത് ഒട്ടും സന്തോഷം നല്‍കുന്നില്ല, പക്ഷെ ഫുട്‌ബോളിനെ രക്ഷിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല’ ക്രിസ്റ്റിയന്‍ സീഫെര്‍ട്ട് പറഞ്ഞു.
ജര്‍മ്മന്‍ പ്രധാമന്ത്രി ആഞ്‌ജേല മെര്‍ക്കലുമായി ക്രിസ്റ്റിയന്‍ സീഫെര്‍ട്ട് കഴിഞ്ഞ ദിവസം നടത്തിയ സംഭാഷണത്തിനൊടുവിലാണ് കൊറോണ കാരണം മുടങ്ങിയ ലീഗ് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ അനുമതി ലഭിച്ചത്. ഇതുപ്രകാരം നിന്നുപോയ ബുന്ദേസ്ലീഗാ ഒന്നാം സീസണും രണ്ടാം സീസണും നടത്താന്‍ സാധിക്കും. തീരുമാനം ക്ലബ്ബിന്റെ ഭാഗത്തു നിന്നും താരങ്ങള്‍ക്കും കളി നടത്തിപ്പുകാര്‍ക്കും മതിയായ ആരോഗ്യ സുരക്ഷ ലഭ്യമാക്കും എന്ന ഉറപ്പിന്റെ പുറത്താണെന്നും ക്രിസ്റ്റിയന്‍ സീഫെര്‍ട്ട് വ്യക്തമാക്കി.
കൊറോണയില്‍ ഒരു കളിപോലും നടത്താനാകാതെ വിഷമിക്കുന്ന പല ക്ലബ്ബുകളുടെ നിലനില്‍പ്പുപോലും അപകടത്തിലാക്കാന്‍ ലീഗ് ഉദ്ദേശിക്കുന്നില്ല. കാണികള്‍ നേരിട്ട് കളികാണില്ലെങ്കിലും മാദ്ധ്യമങ്ങളിലൂടെ വന്‍ പിന്തുണ കിട്ടുന്നത് തെല്ലൊരു ആശ്വാസമാകുമെന്നും ക്രിസ്റ്റിയന്‍ സീഫെര്‍ട്ട് ചൂണ്ടിക്കാട്ടി. യുവേഫയുടെ ഭാഗത്തു നിന്നും ലീഗുകളെന്ന് തുടങ്ങാനാകും എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട അവസാന തീയതി ഈ മാസം 23 ആയിരുന്നു. എന്നാല്‍ അതിന് മുന്നേ ലീഗ് പുനരാരംഭിക്കാനുള്ള അനുവാദം ഭരണകൂടം നല്‍കിയതിലുള്ള ആശ്വസത്തിലാണ് ക്രിസ്റ്റിയന്‍ സീഫെര്‍ട്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ താരമായ സെര്‍ഗീ അഗ്യൂറോയടക്കം കൊറോണ ഭീതികാരണം നാട്ടില്‍നിന്നും തിരികെ എത്താന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ജര്‍മ്മനിയില്‍ നിന്നും ലീഗ് മത്സരങ്ങള്‍ക്ക് അനുമതി കിട്ടിയത്. ഇതിനിടെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിനായി കളിക്കാന്‍ ഇറ്റലിയില്‍ തിരികെ എത്തിയതും മറ്റ് വിദേശതാരങ്ങള്‍ക്ക് പ്രേരണയാകുമെന്നാണ് കരുതുന്നത്.















