ബാഴ്സലോണ: സ്പാനിഷ് ലീഗിന്റെ ആരാധകര്‍ക്ക് ആശ്വാസമായി ബാഴ്സലോണ താരങ്ങള്‍ ഇന്നു മുതല്‍ പരിശീലനം ആരംഭിക്കും. ലാ ലീഗയുടെ ആരോഗ്യ പ്രോട്ടോക്കോള്‍ പ്രകാരമാണ് പരിശീലനം നടത്തുക. ലയണല്‍ മെസ്സിയടക്കമുള്ള താരങ്ങള്‍ കളിക്കുന്ന ക്ലബ്ബാണ് ബാഴ്സലോണ
ടീമിലെ ആദ്യ സംഘം ഇന്ന് പരിശീലനത്തിനിറങ്ങും. എല്ലാവരും ലാ ലീഗാ പ്രോട്ടോക്കോള്‍ കൃത്യമായി പിന്തുടരണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശീലന മൈതാനത്തെ നാലായി തിരിച്ചാണ് ടീമിലെ താരങ്ങള്‍ക്ക് നല്‍കുക. കളിക്കാര്‍ തമ്മില്‍ വേണ്ടത്ര അകലം പാലിക്കാ നാണ് അത്തരം സൗകര്യം ഒരുക്കിയിരിക്കുന്നത്. ടിറ്റോ വിലോനാ മൈതാനമാണ് നിലവില്‍ സജ്ജീകരിച്ചത്.
ക്ലബ്ബിലെത്തുന്ന താരങ്ങള്‍ നേരിട്ട് അവരുടെ പരിശീലനസാധനങ്ങളുമായി നിര്‍ദ്ദേശിക്കുന്ന മൈതാനത്തേക്ക് പോകാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ബാഴ്സലോണ അധികൃതര്‍ വ്യക്തമാക്കി. ക്ലബ്ബിലെ വിശ്രമമുറികള്‍ ആര്‍ക്കും ഉപയോഗിക്കാന്‍ അനുവാദമില്ല. പരിശീലന ശേഷം നേരിട്ട് താമസിക്കുന്ന വീടുകളിലേക്ക് മടങ്ങണം എന്നാണ് നിര്‍ദ്ദേശം. ക്ലബ്ബില്‍ തയ്യാറാക്കിയിട്ടുള്ള ആരോഗ്യപരിശോധനക്ക് ശേഷം മാത്രമേ താരങ്ങളെ മൈതാനത്തേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്നും ബാഴ്സലോണ അധികൃതര്‍ പറഞ്ഞു.