ന്യൂഡല്‍ഹി: എല്ലാ അമ്മമാരും അവരുടെ മക്കള്‍ക്ക് എന്നും ഒരു അനുഭൂതിയാണെന്ന് കായികതാരങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍. മാതൃദിനത്തില്‍ സ്വന്തം അമ്മ നല്‍കുന്ന തണലാണ് എല്ലാവരുടേയും മനസ്സില്‍. തോറ്റാലും ജയിച്ചാലും അമ്മ തരുന്ന ആശ്വാസവാക്കിന് പകരം വയക്കാനൊന്നുമില്ലെന്ന് കായികതാരങ്ങള്‍ ഒന്നടങ്കം പറയുന്നു.
ഇന്ത്യയിലെ മുഴുവന്‍ അമ്മമാര്‍ക്കും ആശംസകള്‍ നേര്‍ന്ന സച്ചിന്റെ സന്ദേശങ്ങള്‍ക്കൊപ്പം ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ് ലി, രവി ശാസ്ത്രി,സുരേഷ് റയ്‌ന,സഞ്ജു സാംസണ്‍ സുരേഷ് റയ്‌ന, ഹര്‍ഭജന്‍ എന്നിവരും സമൂഹമാദ്ധ്യമങ്ങളിലൂടെ ഓര്‍മ്മകള്‍ പങ്കുവച്ചു. ഇവര്‍ക്കൊപ്പം ട്രാക്ക് ആന്റ് ഫീല്‍ഡ് താരങ്ങളും ഗുസ്തി ബോക്‌സിംഗ് താരങ്ങളുമെല്ലാം അമ്മമാര്‍ക്ക് തങ്ങളുടെ വിജയങ്ങള്‍ സമ്മാനിച്ചു.
‘ അമ്മേ നീയാണെനിക്കെല്ലാം, മറ്റെല്ലാത്തിനേക്കാളും നീ എന്നും പകരംവെയ്‌ക്കാനില്ലാത്ത വികാരമാണ്’ സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.
‘ എന്റെ അമ്മയക്ക് ജന്മദിനാശംസകള്‍. ലോകത്തിന് നിങ്ങള്‍ അമ്മയാണ്. എന്നാല്‍ അമ്മയുടെ മക്കളായ ഞങ്ങള്‍ക്ക് നിങ്ങളാണ് ലോകം. ‘ സഞ്ജു തന്റെ ട്വിറ്ററിലൂടെ സന്ദേശം ആരാധകരുമായി പങ്കുവച്ചു.
‘ നിങ്ങളുടെ ഉപാധികളില്ലാത്ത സ്‌നേഹത്തിനും ത്യാഗത്തിനും നന്ദി പറയാന്‍ വാക്കുകളില്ല. അമ്മയക്ക് എല്ലാ സ്‌നേഹങ്ങളും’ സുരേഷ് റയ്‌ന തന്റെ അമ്മ കുട്ടിക്കും ഭാര്യക്കുമൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ ചിത്രസഹിതം ചേര്‍ത്തുകൊണ്ടാണ് ട്വിറ്ററിലൂടെ മാതൃദിന സന്ദേശം നല്‍കിയത്.
ഇന്ത്യന്‍ അത്‌ലറ്റുകളായവരെല്ലാം നിലവില്‍ സായ് ഹോസ്റ്റലുകളില്‍ ലോക്ഡൗണില്‍ അമ്മയുടെ ഭക്ഷണം കിട്ടുന്നില്ലെന്ന സങ്കടം പങ്കുവെച്ചുകൊണ്ടാണ് മാതൃദിന സന്ദേശം പങ്കുവച്ചിരിക്കുന്നത്. ഞാന്‍ കരുത്തുറ്റ താരമായെങ്കില്‍ എന്റെ അമ്മ എന്ന കരുത്തുറ്റ വനിത എന്നെ വളര്‍ത്തിയതുകൊണ്ടാണെന്നതില്‍ അഭിമാനിക്കുന്നു എന്നാണ് ഇന്ത്യന്‍ വനിത ഹോക്കി താരം റാണി രാംപാല്‍ പറഞ്ഞത്.