കൊല്‍ക്കത്ത: ഒഡീഷ, പശ്ചിമബംഗാള്‍ തീരത്ത് കനത്ത നാശനഷ്ടം വിതച്ചിരിക്കുന്ന ഉംപൂണ്‍ ചുഴലിക്കാറ്റിന് ശക്തിപകര്‍ന്നത് കടലിലെ ഊഷ്മാവിന്റെ വ്യതിയാനമെന്ന് റിപ്പോര്‍ട്ട്. ഉംപൂണ്‍ ചുഴലിക്കാറ്റിനെ തുടര്‍ച്ചയായി നിരീക്ഷിക്കുന്ന കാലാവസ്ഥാ വിഭാഗമാണ് കാറ്റിന്റെ ശക്തികൂടാന്‍ കാരണം ഊഷ്മാവിന്റെ മാറ്റമാണെന്ന് പറയുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ചില പ്രദേശങ്ങളില്‍ 34 ഡിഗ്രിക്ക് മുകളിലാണ് കടല്‍പ്പരപ്പിലെ ചൂട് രേഖപ്പെടുത്തിയത്. ഇത് മെയ്മാസം ആദ്യ രണ്ടാഴ്ച തൂടര്‍ച്ചയായി രേഖപ്പെടുത്തിയിരുന്നു, ഇത്രയും താപനില കടലിന്റെ ഉപരിതലത്തില്‍ അപൂര്‍വ്വമായാണ് ഉണ്ടാകാറെന്ന് ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വ്വീസ് അറിയിട്ടു.
ചുഴലിക്കാറ്റ് കടന്നുപോയിട്ടും താപനില 32 ഡിഗ്രിയോടടുത്താണുണ്ടായിരുന്നത്. നിലവില്‍ കാര്‍നിക്കോബാര്‍ ദ്വീപസൂഹത്തെ ലക്ഷ്യമാക്കി ഉംപൂണ്‍ നീങ്ങുകയാണെന്നും ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വ്വീസ് പറഞ്ഞു.
കൊറോണ പ്രതിരോധം കാരണം കാലാവസ്ഥാ വിദഗ്ധരുടെ സംഘത്തെ അയക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. അവരെത്തിയാല്‍മാത്രമേ ഇത്തരം കാറ്റിന്റെ ഗതിയും വ്യാപനരീതിയും കൂടുതലായി പഠന വിധേയമാക്കാനാകൂ എന്നും ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വ്വീസ് അധികൃതര്‍ അറിയിച്ചു. സമശീതോഷ്ണ മേഖലയിലെ ചുഴലിക്കാറ്റുകള്‍ അറബിക്കടലിനോടനുബന്ധിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായി സ്ഥിരസാന്നിധ്യമാവുകയാണ് ഇത് തുടരാനുള്ള സാദ്ധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.