ഭുബനേശ്വര്‍: ഇന്ത്യയുടെ ട്രാക്ക് ആന്റ്ര് ഫീല്‍ഡ് താരം ദൂതി ചന്ദ് പരിശീലനം പുനരാരംഭിച്ചു. കൊറോണ നിയന്ത്രണങ്ങള്‍ കാരണം വീട്ടിലെ പരിശീലനത്തില്‍ മുഴുകിയ രണ്ടു മാസത്തിന് ശേഷമാണ് സ്റ്റേഡിയത്തിലിറങ്ങിയത്. ഭുബനേശ്വറിലെ പ്രസിദ്ധമായ കലിംഗ സ്റ്റേഡിയത്തിലാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. തന്റെ സ്ഥിരം പരിശീലന തട്ടകമാണിതെന്ന് 24കാരിയായ ദൂതി പറഞ്ഞു.
‘ ട്രാക്കുകളില്‍ പരിശീലിക്കാന്‍ അനുമതി ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഇത്രയും ദിവസം വീട്ടിലെ പരിമിത സൗകര്യത്തിലുള്ള വ്യായാമങ്ങള്‍ മാത്രമാണ് ചെയ്തത്. ഇനി ട്രാക്കിലോടി പരിശീലിക്കാമെന്നത് വലിയൊരു ആശ്വാസമാണ്.’ ദൂതി ചന്ദ് പറഞ്ഞു
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ചാണ് ദൂതി പരിശീലന ത്തിനിറങ്ങിയത്. നിര്‍ദ്ദേശം എല്ലാ കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സ്റ്റേഡിയം സൂക്ഷിപ്പുകാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നല്‍കിയിട്ടുണ്ട്. വ്യക്തിഗത സുരക്ഷ ഉറപ്പാ ക്കാനുള്ള പരിശീലനവും ആരോഗ്യവകുപ്പിന്റെ സേവനവും ഉറപ്പാക്കിയതായും സായ് അധികാരികള്‍ അറിയിച്ചു. ട്രാക്ക് ആന്റ് ഫീല്‍ഡ് താരങ്ങള്‍ക്ക് 2021 ഒളിമ്പിക്‌സിനായി യോഗ്യത തെളിയിക്കേണ്ട അവസാന സമയം ജൂലൈ 5നാണ്. രണ്ടു മൂന്നു മാസം തുടര്‍ച്ചയായ പരിശീലനത്തിലൂടെ മാത്രമേ ശരിയായ വേഗതയില്‍ ഓടാനാകൂ എന്നും ദൂതി പറഞ്ഞു.
2012ല്‍ ദേശീയ ചാമ്പ്യനായ ദുതി 2013 ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി. 2014ല്‍ സ്വര്‍ണ്ണം നേടി. 2016ല്‍ റിയോ ഒളിമ്പിക്‌സില്‍ ഹീറ്റ്‌സില്‍ പങ്കെടുക്കാന്‍ സാധിച്ച മൂന്നാമത്തെ ഇന്ത്യന്‍ താരമായി. 2018ല്‍ ഏഷ്യന്‍ ഗെയിംസിലെ 100 മീറ്ററിലെ വെള്ളി നേടിയതാണ് ഏറ്റവും മികച്ച പ്രകടനം.