മലയാളമടക്കം അഞ്ച് പുതിയ ഭാഷകളിൽ ഇനിമുതൽ യു.എ.ഇയുടെ ഔദ്യോഗിക വാർത്തകൾ നേരിട്ടറിയാം. ശ്രീലങ്കയുടെ സിംഹള ഭാഷ, ഇന്തോനേഷ്യൻ, ബംഗാളി, പാഷ്സ്തു എന്നീ ഭാഷകളാണ് മറ്റുള്ളവ. യു.എ.ഇയിലെ വാർത്തകൾ വിവിധ ഭാഷക്കാരായ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുടെ നാഷണൽ മീഡിയ കൗൺസിലിന്റെ തീരുമാനപ്രകാരമാണിത്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, ചൈനീസ്, റഷ്യൻ, സ്പാനിഷ്, പേർഷ്യൻ, ജർമൻ, ടർക്കിഷ്, പോർച്ചുഗീസ്, ഉറുദു എന്നീ ഭാഷകളിൽ വാം വാർത്തകൾ ഇതിനകം ലഭ്യമായിരുന്നു. ആഗോള മാധ്യമ മേഖലയില്‍ സംഭവിച്ച മാറ്റങ്ങളുടെ വെളിച്ചത്തിൽ യു.എ.ഇയുടെ മാധ്യമ മേഖലയെ വികസിപ്പിക്കാനും അതിന്റെ പ്രാദേശികവും അന്തർദ്ദേശീയവുമായ സ്ഥാനം ശക്തിപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് പുതിയ ഭാഷകളുടെ കൂട്ടിച്ചേർക്കലെന്ന് നാഷണൽ മീഡിയ കൗൺസിൽ ചെയർമാൻ ഡോ.സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ അറിയിച്ചു. പുതിയ ഭാഷകള്‍ സാംസ്കാരിക വൈവിധ്യത്തെ പിന്തുണയ്ക്കുകയും യു.എ.ഇയുടെ സാംസ്കാരിക ബഹുസ്വരതയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.