ന്യൂഡല്‍ഹി: ഇന്ത്യയില്‍ കടുത്ത മതവിഭാഗീയതയാണെന്ന അമേരിക്കയുടെ മതസ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോര്‍ട്ടിന് ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം. ഇന്ത്യയിലെ മതപരമായ സ്വാതന്ത്ര്യവും ഭരണഘടന നല്കുന്ന സംരക്ഷണത്തെയുംകുറിച്ച് അമേരിക്കയ്ക്ക് ഒന്നും അറിയില്ല. കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കാതെ ഇന്ത്യയുടെ ആഭ്യന്തരവിഷയങ്ങളില്‍ ഇടപെടരുത്.വിദേശകാര്യ മന്ത്രാലയമാണ് കമ്മീഷന് വിസ നിഷേധിച്ചുകൊണ്ട് മറുപടി നല്‍കിയത്.
ദേശീയപൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ അന്താരാഷ്ട്ര തലത്തില്‍ തെറ്റായി പലരും വ്യഖ്യാനിച്ചതിനെ തുടര്‍ന്നാണ് അമേരിക്കയിലെ കമ്മീഷന് ഇന്ത്യക്കെതിരെ പ്രസ്താവന ഇറക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് പുറകേ ഡല്‍ഹിയിലെ പ്രശ്നം ഉയര്‍ത്തിക്കാട്ടി മതസ്വാതന്ത്ര്യ കമ്മീഷന് വിഷയം ചര്‍ച്ചചെയ്യുകയായിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അന്ന് തന്നെ നേരിട്ട് മറുപടി നല്‍കിയിരുന്നു.
‘ ബി.ജെ.പിയുടെ എം.പി നിഷാന്ത് ദുബെ വിദേശകാര്യമന്ത്രാലയത്തോട് കത്തിലൂടെ ഉന്നയിച്ച പരാതിക്കാണ് കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ മറുപടി നല്‍കിയത്. ഇന്ത്യ ഒരിക്കലും വിദേശകമ്മീഷനുകളുടെ നിരുത്തരവാദപരമായ ഇത്തരം നിരീക്ഷണങ്ങളേയും വിലയിരുത്തലുകളേയും അംഗീകരിക്കില്ല. ആഭ്യന്തരവിഷയം ചര്‍ച്ചചെയ്യാനായി ആരും ഇന്ത്യയിലേക്ക് വരേണ്ട കാര്യവുമില്ല’ അമേരിക്കന്‍ കമ്മീഷന് വിസ നിഷേധിച്ചതിനെ ന്യായീകരിച്ചുകൊണ്ട് ജയശങ്കര്‍ വ്യക്തമാക്കി.