വാഷിംഗ്ടണ്‍: ചൈനയുമായുള്ള എല്ലാ മേഖലകളിലേയും വ്യാപാരബന്ധം വിഛേദിക്കുന്നത് അസാധ്യകാര്യമല്ലെന്ന് ട്രംപ്. വാഷിംഗ്ടണില്‍ നടന്ന യോഗത്തിലാണ് ട്രംപ് ചൈനയുടെ ഏകപക്ഷീയമായ വ്യാപാര തന്ത്രങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയത്. ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ്ണ നിരോധനം അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നു. ഈ മാസമാദ്യം ചൈനയുമായി വ്യാപാര കരാര്‍ പുതുക്കുന്നതില്‍ പക്ഷെ വൈറ്റ്ഹൗസ് എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നില്ല. സാഹചര്യങ്ങള്‍ ചൈനയ്ക്കെതിരെ കൂടുതല്‍ നടപടിയിലേക്ക് നയിക്കും എന്നത് തന്നെയാണ് വീണ്ടും ട്രംപ് വ്യക്തമാക്കിയത്.
‘ ചൈനക്കെതിരെയുള്ള തന്റെ വ്യക്തിപരമായ നയം വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ അമേരിക്കയുടെ നയപരമായ നിലപാടില്‍ ചൈനയുമായി സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും ബന്ധം വിഛേദിക്കുക എന്നത് നിരവധി സാഹചര്യങ്ങളെ മുന്‍നിര്‍ത്തി വേണ്ടിവന്നേക്കാം ‘ ട്വിറ്ററിലൂടെ ട്രംപ് വ്യക്തമാക്കി. ലോക വ്യാപാര സംഘടനയുടെ പ്രവര്‍ത്തനത്തിലും ചൈനയുടെ ശക്തമായ സ്വാധീനം കുറയ്ക്കാനുള്ള തന്ത്രങ്ങളാണ് അമേരിക്ക നടത്തുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ട്രംപ് നേരിട്ടാണ് ചൈനയുടെ വ്യാപാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചത്. അമേരിക്കന്‍ ഡോളറുകള്‍ ചൈന അടിച്ചു വിതരണം ചെയ്യുന്നത് കണ്ടെത്തിയതോടെ ട്രംപ് നിലപാടുകള്‍ കടുപ്പിച്ചിരുന്നു. കൊറോണയുടെ വ്യാപനം മറച്ചുവെച്ചെന്ന ആരോപണം ഒരേ സമയം ലോകാരോഗ്യസംഘടനയോടും ചൈനയോടും അമേരിക്കയുടെ നിലപാട് കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിവരുന്ന വാര്‍ഷിക വിഹിതം അമേരിക്ക നല്‍കില്ലെന്ന പ്രഖ്യാപനവും വലിയ ചലനമാണ് ആഗോള തലത്തിലുണ്ടാക്കിയത്.
അമേരിക്കയുടെ ചൈനാ വിരുദ്ധ നയത്തിനെതിരെ അമേരിക്കയിലെ പ്രതിപക്ഷം രംഗത്തുണ്ട്. കഴിഞ്ഞ തവണ അധികാരത്തിലേറാനായി ട്രംപ് ചൈനയുടെ സഹായം തേടിയെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ട്രംപ് നിലവിലെ ചൈനാ വിഷയം പറഞ്ഞാണ് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുന്നത്. കൂടുതല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ആഗോളതലത്തില്‍ വ്യാപാര സാഹചര്യങ്ങളൊരുക്കാനുള്ള അവസരങ്ങളാണ് താന്‍ സൃഷ്ടിക്കുക എന്നും ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു.