മോസ്കോ: റഷ്യയുടെ വിക്ടറി പരേഡില്‍ മുഖ്യാതിഥിയായി ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പങ്കെടുക്കും. ആദ്യമായാണ് റഷ്യയുടെ വിജയാഘോഷത്തില്‍ ഒരു ഇന്ത്യന്‍ പ്രതിരോധമന്ത്രി പങ്കെടുക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചതിന്റെ വിജയാഘോഷമാണ് വിക്ടറി പരേഡ് നടത്തി റഷ്യ ആഘോഷിക്കാറുള്ളത്.
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് നേരിട്ട് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയെ
വിക്്ടറി ദിനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.തുടര്‍ന്നാണ് നരേന്ദ്രമോദി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ രാജ്യത്തിന്റെ പ്രതിനിധിയായി അയച്ചത്. സൈനികവും ഭരണപരവുമായ സൗഹൃദത്തില്‍ ഇന്ത്യയെ റഷ്യ എത്രകണ്ട് മാനിക്കുന്നു എന്നതിന് തെളിവായാണ് പ്രതിരോധമന്ത്രിയുടെ സാന്നിദ്ധ്യത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗത്തില്‍പ്പെട്ട് 75 സൈനികരും ഇന്ന് വിക്ടറി ഡേ പരേഡില്‍ റഷ്യന്‍ സേനയ്ക്കൊപ്പം പങ്കെടുക്കുന്നുണ്ട്.
റഷ്യയുടെ 75-ാം വിക്ടറി ദിനമാണ് ഇന്ന് നടക്കുന്നത്. കൊറോണ വ്യാപനം കാരണമാണ് വിക്ടറിദിനാഘോഷം ഒരു മാസം വൈകി നടത്താന്‍ പ്രസിഡന്റ് പുടിന് തീരുമാനിച്ചത്. സൈനികര്‍ ഒത്തു ചേര്‍ന്നുള്ള പരിശീലനവും കൊറോണ പ്രോട്ടോക്കോളും പാലിക്കാനാണ് ഒരു മാസം നീട്ടിയത്. 1945ല്‍ ജര്‍മ്മനിയുടെ അഡോള്‍ഫ് ഹിറ്റ്ലറുടെ സേനയെ തകര്‍ത്ത റഷ്യയുടെ വിജയം മെയ് 7നാണ് നടന്നത്. തുടര്‍ന്ന് ഔദ്യോഗികമായി ജര്‍മ്മന്‍ സേന കീഴടങ്ങിയതായി പ്രഖ്യാപിച്ചത് 8-ാം തീയതിയാണ്. തൊട്ടടുത്ത ദിവസം ഔഗ്യോഗികമായി റഷ്യ വിജയം പ്രഖ്യാപിക്കുകയും ചെയ്തു. ജര്‍മ്മനി ബര്‍ലിനിലും റഷ്യന്‍ ഭരണകര്‍ത്താക്കള്‍ മോസ്കോയിലും ഇരുന്ന് ധാരണപത്രം ഒപ്പിടാന്‍ സ്റ്റാലിന് തീരുമാനിച്ചതിനാലാണ് കീഴടങ്ങിയ തീയതി കഴിഞ്ഞ് രണ്ടാം ദിവസത്തേക്ക് വിക്ടറി ഡേ ആഘോഷം മാറ്റിയത്.