ശ്രീനഗര്‍ : ചൈനീസ് സൈന്യവുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ലഡാക്ക് അതിര്‍ത്തിയുടെ പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പ്രദേശത്ത് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ആദ്യഘട്ടത്തില്‍ 54 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമെന്നാണ് വിവരം.
പദ്ധതി പ്രകാരം നുബ്ര പ്രദേശത്ത് ഏഴ് മൊബൈല്‍ ടവറുകളും, ലേയില്‍ 17 ടവറുകളും നിര്‍മ്മിക്കും. സന്‍സ്കറില്‍ 11 ടവറുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. ഇതിന് പുറമേ കാര്‍ഗിലില്‍ 19 ടവറുകളും നിയന്ത്രണ രേഖയുടെ തൊട്ടടുത്തു കിടക്കുന്ന പ്രദേശമായ ദെമ്ചോക്കില്‍ ഒരു ടവറും നിര്‍മ്മിക്കും.
അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ മൊബൈല്‍ ടവറുകള്‍ നിര്‍മ്മിക്കുന്നത് ചൈനയെ വീണ്ടും ചൊടിപ്പിക്കും എന്നാണ് വിലയിരുത്തുന്നത്. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതു വഴി അതിര്‍ത്തി മേഖലകള്‍ കൂടുതല്‍ സുഗമമായി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനോടകം തന്നെ പ്രദേശത്തെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം ഏറെക്കുറേ പൂര്‍ത്തിയായിട്ടുണ്ട്. സമാനമായ രീതിയില്‍ മൊബൈല്‍ ടവറുകളുടെ നിര്‍മ്മാണവും അതിവേഗം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.