മുംബൈ: കൊറോണ വ്യാപനം രാജ്യത്ത് ഏറ്റവും അധികമായ മഹാരാഷ്‌ട്ര വീണ്ടും ഇളവുകള്‍ അനുവദിക്കുന്നു. അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടീപാര്‍ലറുകളും തുറക്കാനാണ് ധാരണ. കൊറോണ അണ്‍ലോകിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, ബ്യൂട്ടീപാര്‍ലറുകള്‍ എല്ലാം ജൂണ്‍ 28 മുതല്‍ തുറക്കാവുന്നതാണ്. എന്നാല്‍ ആളുകള്‍ കൂട്ടംകൂടാതിരിക്കാന്‍ മുന്‍കൂട്ടി ബുക്കിംഗ് സംവിധാനം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ബാര്‍ബാര്‍ ഷോപ്പുകളിലെ മുടിവെട്ട് ജോലികള്‍ക്ക് നിയന്ത്രണം ഇല്ല. എന്നാല്‍ തൊലിയുമായി ബന്ധപ്പെട്ട് ചെയ്യേണ്ട ഷേവിംഗ്, ഫേഷ്യല്‍ തുടങ്ങിയവയ്‌ക്ക് അനുവാദം നല്‍കിയിട്ടില്ല. നിര്‍ദ്ദേശങ്ങള്‍ എല്ലാ ഷോപ്പുകള്‍ക്ക് മുന്നിലും എഴുതി ഒട്ടിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു.
എല്ലാ സ്ഥാപനങ്ങളിലും വരുന്നവരും ജോലിചെയ്യുന്നവരും കര്‍ശനമായി കൈകള്‍ വൃത്തിയാക്കാനുള്ള സംവിധാനം ഒരുക്കണം. എല്ലാ ഉപകരണങ്ങളും അണുവിമുക്ത മാക്കണം. ഒരാള്‍ക്കായി ഉപയോഗിച്ച തുണികള്‍ മറ്റൊരാള്‍ക്ക് നല്‍കരുത്. എന്നീ നിബന്ധനകള്‍ക്കൊപ്പം കടപൂര്‍ണ്ണമായി രണ്ടുമണിക്കൂറിലൊരിക്കല്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മഹാരാഷ്‌ട്രയില്‍ ആകെ കൊറോണ ബാധിതരുടെ എണ്ണം 1,47.741 ആയിരിക്കുകയാണ്. മരണം 6931 ആയി. ഇതുവരെ 63342പേരാണ് രോഗമുക്തരായത്. ഇന്നലെ മാത്രം 4831 പേര്‍ക്ക് പുതുതായി രോഗംബാധിച്ചു. 192 പേരാണ് മരിച്ചത്.















