ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നത തല യോഗം ചേര്‍ന്നു. യോഗത്തില്‍ എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ, ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബലറാം ഭാര്‍ഗവ, ഡോ. വികെ പോള്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.
ഡല്‍ഹിയില്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന കൊറോണ കേസുകളെക്കുറിച്ച് അമിത് ഷാ അവലോകനം ചെയ്തു. ഡല്‍ഹിയിലെ നിയന്ത്രണ മേഖലകളിലെ സ്ഥിതിഗതികളും യോഗത്തില്‍ വിലയിരുത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണ മേഖലയിലെ ഓരോ വീടുകളിലും ചെന്ന് കൊറോണ പരിശോധന നടത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെ ക്കുറിച്ചും അമിത് ഷാ ചര്‍ച്ച ചെയ്തു.
അതേസമയം ഡല്‍ഹിയിലെ നോര്‍ത്ത് ബ്ലോക്കില്‍വെച്ച് കേന്ദ്ര മന്ത്രിമാരുമായും അമിത് ഷാ ഇന്ന് ചര്‍ച്ച നടത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഗരീബ് കല്യാണ്‍ യോജനയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിമാരുമായി ചര്‍ച്ച നടത്തിയത് എന്നാണ് വിവരം.