ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കേ ലഡാക്കില്‍ സന്ദര്‍ശനം നടത്താന്‍ ഒരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വെള്ളിയാഴ്ച രാജ്നാഥ് സിംഗ് ലഡാക്ക് സന്ദര്‍ശിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സന്ദര്‍ശന വേളയില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി രാജ്നാഥ് സിംഗ് ചര്‍ച്ച നടത്തുമെന്നാണ് വിവരം.
കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെക്കൊപ്പമാണ് രാജ്നാഥ് സിംഗ് ലഡാക്കില്‍ സന്ദര്‍ശനം നടത്തുക. ഉന്നത സൈനിക വൃത്തങ്ങളുമായി ചേര്‍ന്ന് ലഡാക്ക് അതിര്‍ത്തിയിലെ സ്ഥിതിഗതികളും അദ്ദേഹം വിലയിരുത്തും.
ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മൂന്നാംഘട്ട കമാന്‍ഡര്‍തല ചര്‍ച്ച അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്നാഥ് സിംഗം ലഡാക്ക് സന്ദര്ശിക്കുന്നതുമായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്നാഥ് സിംഗിന്റെ സന്ദര്‍ശനം ഏറെ നിര്‍ണ്ണായകമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.