ന്യൂഡല്‍ഹി : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയാണ് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്. പുടിന് 2036 വരെ ഭരണത്തില്‍ തുടരാന്‍ അവസരമൊരുക്കുന്ന ഭരണഘടന ഭേദഗതിക്ക് റഷ്യന്‍ വോട്ടര്‍മാരുടെ അംഗീകാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി പുടിനുമായി ചര്‍ച്ച നടത്തിയത്.
75ാമത് വിക്ടറി പരേഡ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് പുടിന് പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇതിന് പുറമേ 2036 വരെ ഭരണത്തില്‍ തുടരാന്‍ അവസരമൊരുക്കുന്ന ഭരണഘടന ഭേദഗതിക്ക് റഷ്യന്‍ വോട്ടര്‍മാരുടെ അംഗീകാരം ലഭിച്ചതിനും പുടിനെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യയും റഷ്യയും തമ്മില്‍ തന്ത്രപ്രധാന മേഖലകളിലുള്ള പങ്കാളിത്തം എല്ലാ കാലത്തും തുടരുമെന്ന് ഇരു നേതാക്കളും ഉറപ്പു നല്‍കിയിട്ടുണ്ട്.
ആഗോളതലത്തില്‍ വന്‍നാശം വിതച്ച കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഇരു രാജ്യങ്ങളും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തി. കൊറോണ രോഗവ്യാപനം ഉണ്ടാക്കിയ വെല്ലുവിളി മറികടക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.
ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കു മുന്നോടിയായി ഉഭയകക്ഷി ബന്ധത്തിന്റെയും കൂടിയാലോചനകളുടെയും ഗതിവേഗം നിലനിര്‍ത്താനും ഇരു നേതാക്കളും തീരുമാനിച്ചു. ഉഭയകക്ഷി ഉച്ചകോടിക്കായി പുടിന് ഇന്ത്യയില്‍ എത്തണമെന്നുള്ള ആഗ്രഹവും പ്രധാനമന്ത്രി അറിയിച്ചു. ഇതിന് പുറമേ ജൂണ്‍ 24 ന് മോസ്കോയില്‍ വെച്ച് നടന്ന മിലിറ്ററി പരേഡിനെക്കുറിച്ചും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.