ലക്നൗ: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് മറവില്‍ ആക്രമണം നടത്തി വ്യപകമായി പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരായ നടപടികള്‍ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പൊതുമുതല്‍ നശിപ്പിച്ച ഒരു അക്രമിയുടെ സ്ഥാപനം കൂടി ലക്നൗ ജില്ലാ അധികൃതര്‍ കണ്ടുകെട്ടി. കലാപകാരികളില്‍ നിന്നും പിടിച്ചെടുക്കുന്ന സ്ഥാപനങ്ങള്‍ ലേലത്തിന് വയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച കണ്ടുകെട്ടല്‍ നടപടികള്‍ കഴിഞ്ഞ ദിവസം മുതലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ജില്ല അധികൃതര്‍ പുന:രാരംഭിച്ചത്. ഇന്നലെ രണ്ടും ഇന്ന് ഒന്നുമായി മൂന്ന് സ്ഥാപനങ്ങളാണ് അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെ ലേലം ജൂലൈ 16 ന് നടത്താനാണ് അധികൃതരുടെ തീരുമാനം. അതിന് മുന്‍പായി സര്‍ക്കാരിന് ഉണ്ടായ നഷ്ടം നല്‍കുന്നവര്‍ക്ക് സ്ഥാപനങ്ങള്‍ തിരികെ നല്‍കുമെന്ന് തഹസില്‍ദാര്‍ ശംഭു ശരണ്‍ സിംഗ് പറഞ്ഞു. മൂന്ന് സ്ഥാപനങ്ങളുടെയും ഉടമകള്‍ 21.76 ലക്ഷം രൂപയുടെ പൊതു മുതലാണ് പ്രതിഷേധത്തിനിടെ നശിപ്പിച്ചത്.
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഉണ്ടായ ആക്രമണങ്ങളില്‍ കോടി കണക്കണക്കിന് രൂപയുടെ നാശനശഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഇതില്‍ ലക്നൗവില്‍ മാത്രം 1.55 കോടി രൂപയുടെ പൊതുമുതല്‍ കലാപകാരികള്‍ നശിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ലക്നൗവില്‍ പൊതുമുതല്‍ നശിപ്പിച്ച 59 പേര്‍ക്കാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നോട്ടീസ് അയച്ചവരില്‍ കോണ്‍ഗ്രസ് നേതാവ് സദാഫ് സഫറും, ആക്ടിവിസ്റ്റ് മുഹമ്മദ് ഷോയ്ബും ഉള്‍പ്പെട്ടിട്ടുണ്ട്.