തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്. യു.എ.ഇ കോൺസുലേറ്റിലെ ഇഫ്താർ വിരുന്ന് സൽക്കാരത്തിൽ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്വപ്നസുരേഷിനെ ഐടി വകുപ്പിന്റെ കീഴിലെ പ്രോജക്ടിൽ നിയമിച്ചത് ആരെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. താനറിഞ്ഞല്ല നിയമനമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.എന്നാൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ പ്രധാന റോളിൽ തന്നെ നിൽക്കുന്ന സ്വപ്ന സുരേഷിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. സ്പീക്കർ ശ്രീരാമകൃഷ്ണനേയും ചിത്രത്തിൽ കാണാം
.തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്ന നിലവിൽ സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടിയിലാണ് ജോലിചെയ്യുന്നത്. ഓപ്പറേഷണൽ മാനേജർ പദവിയാണ് സ്വപ്ന വഹിച്ചിരുന്നത്. സ്വപ്നയും ഇപ്പോൾ കസ്റ്റഡിയിലുള്ള സരിത്തും ചേർന്നാണ് സ്വർണക്കടത്തിനു ചുക്കാൻ പിടിച്ചിരുന്നതെന്നാണ് വിവരം. സ്വർണക്കടത്ത് പിടിച്ചതോടെ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നാണ് ആരോപണമുയർന്നത്. അതിനിടയിൽ മുഖ്യമന്ത്രിയുടെ ഐ.ടി സെക്രട്ടറി സ്വപ്നസുരേഷിന്റെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നുവെന്ന അയൽക്കാരുടെ ആരോപണവും പുറത്ത് വന്നിട്ടുണ്ട്.