ന്യൂഡല്‍ഹി : രാജ്യത്ത് ഏര്‍പ്പെടുത്തിയ നിരോധനം കൃത്യമായി പാലിക്കണമെന്ന് ചൈനീസ് ആപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് 59 ചൈനീസ് ആപ്പ് കമ്പനികള്‍ക്കും ഐടി മന്ത്രാലയം കത്ത് നല്കി. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രം അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ മാസം 29 നാണ് കേന്ദ്ര സര്‍ക്കാര്‍ ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. എന്നാല്‍ നിരോധനത്തിന് ശേഷം ഈ ആപ്പുകള്‍ അനധികൃതമായി രാജ്യത്ത് ലഭ്യമാകുന്നതായി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ആപ്പ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി കൊണ്ട് കത്തയച്ചത്.
ബോധപൂര്‍വ്വമോ അല്ലാതെയോ സര്‍ക്കാര്‍ ഉത്തരവ് മറി കടന്നാല്‍ അത് വിവര സാങ്കേതിക നിയമത്തിന്റെ ലംഘനത്തില്‍ വരുമെന്ന് കത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്
ലഡാക്ക് അതിര്‍ത്തിയിലെ പ്രകോപനത്തിന് പിന്നാലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്, യുസി ബ്രൗസര്‍ തുടങ്ങിയ 59 ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ നിരോധനം ചൈനീസ് കമ്പനികള്‍ക്ക് കനത്ത സാമ്പത്തിക തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.