ടെല്‍ അവീവ്: സിറിയയിലെ ഭീകരതാവളങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍. ഇന്നു പുലര്‍ച്ചെയാണ് സിറിയയിലെ ഭീകരകേന്ദ്രങ്ങളില്‍ ഇസ്രയേലിന്റെ മിന്നലാക്രമണം നടന്നത്. അത്യാധുനിക ഹെലികോപ്റ്ററുകളുപയോഗിച്ചായിരുന്നു സിറിയയിലെ അതിര്‍ത്തിയിലേക്ക് കടന്നത്. മിസൈലാക്രമണം നടത്തിയതിനുള്ള തിരിച്ചടിയാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഗോലാന്‍ കുന്നുകളിലെ ഖ്വത്രയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.
സിറിയന്‍ അതിര്‍ത്തിയിലെ ഭീകരരുടെ നിരീക്ഷണ പോസ്റ്റുകളും, രഹസ്യവിവരം ശേഖരിക്കുന്ന സംവിധാനങ്ങളും, റഡാറുകളുമാണ് തകര്‍ത്തതെന്നും ഇസ്രയേല്‍ അറിയിച്ചു. മൂന്നു കേന്ദ്രങ്ങളില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു സിറിയന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. സിറിയ ഒരുക്കി നിര്‍ത്തിയ എല്ലാ വിമാനവേധ പീരങ്കികളും ഇസ്രയേല്‍ സേന തകര്‍ത്തതായി അറേബ്യന്‍ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മിസൈല്‍ ആക്രമണത്തില്‍ ഒരു വീടും കാറും സിറിയന്‍ ഭീകരര്‍ തകര്‍ത്തിരുന്നു. ഇസ്രയേലിനെതിരെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ ഭീകരരെ സിറിയയാണ് താവളമൊരുക്കി സംരക്ഷിക്കുന്നത്.