അയോദ്ധ്യ: ശ്രീരാമ ക്ഷേത്ര നിര്മ്മാണനിര്മ്മാണത്തിലെ ശിലാസ്ഥാപനം ഇന്ത്യയുടെ ചരിത്രത്തിലെ ചരിത്ര മുഹൂര്‍ത്തമാക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടേയും സന്യാസിമാരുടേയും ആഹ്വാനം. ആഗസ്റ്റ് മാസം 5-ാം തീയതി എല്ലാ ഹിന്ദുഭവനങ്ങളും ശ്രീരാമന്റെ ചിത്രങ്ങള്‍ വച്ച് പൂജിക്കുകയും വീടുകള്‍ അലങ്കരിച്ച് ദീപം തെളിയിക്കണമെന്നുമാണ് ആഹ്വാനം.
കൊറോണ നിയന്ത്രണങ്ങള്‍ക്കിടയിലും അയോധ്യാ നഗരത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് എത്താനിരിക്കുന്ന ചടങ്ങളില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ്. ശിവസേനാ നേതാവും നിലവിലെ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗികമായി ക്ഷണം പ്രതീക്ഷിച്ചിരിക്കുകയാണ്. ആകെ 200 പേര്‍ക്കാണ് ശിലാസ്ഥാപന പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളത്.
അയോദ്ധ്യയിലെ പ്രധാന റോഡുകളും ഇരുവശത്തെ കെട്ടിടങ്ങളും ഹിന്ദു ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വരച്ചാണ് അലങ്കരിച്ചിരിക്കുന്നത്. ഇതിനിടയില്‍ അയോധ്യ സര്‍ക്യൂട്ടെന്ന ദേശീയ വിനോദസഞ്ചാര പാക്കേജിനായുള്ള സാങ്കേതിക സൗകര്യങ്ങളുടെ ഒരുക്കങ്ങളും ആരംഭിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. രണ്ടും വലിയ പൊതു യാത്രാ സംവിധാനമാണ് അയോധ്യയെ കേന്ദ്രീകരിച്ച് ഒരുങ്ങുന്നത്. വിമാനത്താവളവും മികച്ച ഒരു റെയില്‍വേ സ്റ്റേഷനുമാണ് അത്യാധുനിക രീതിയില്‍ തയ്യാറാക്കുന്നത്. ഇതില്‍ റെയില്‍വേ സ്റ്റേഷന് അയോധ്യയിലെ നിര്‍മ്മിക്കാന്‍ പോകുന്ന ക്ഷേത്രത്തിന് അഭിമുഖമായിട്ടാണ് നിര്‍മ്മിക്കുകയെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.108 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന റെയില്‍വേ സ്റ്റേഷന് രാമക്ഷേത്ര മാതൃകയിലാണ് രൂപകല്‍പ്പന നിര്‍വ്വഹിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.