ന്യൂഡല്‍ഹി : 82ാമത് സിആര്‍പിഎഫ് സ്ഥാപന ദിനത്തില്‍ ജവാന്മാര്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സംരക്ഷിക്കാന്‍ മുന്‍നിരയില്‍ നിന്ന് പോരാടുന്നത് സിആര്പിഎഫാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി സിആര്‍പിഎഫ് ജവാന്മാര്ക്ക് ആശംസകള്‍ അറിയിച്ചത്.
82മാത് സിആര്‍പിഎഫ് സ്ഥാപന ദിനത്തില്‍ എല്ലാ സിആര്‍പിഎഫ് ജവാന്മാര്ക്കും ആശംസകള്‍ നേരുന്നു. രാജ്യത്തെ സംരക്ഷിക്കാന്‍ മുന്‍നിരയില്‍ നിന്നു പോരാടുന്നുവരാണ് സിആര്‍പിഎഫ്. സിആര്‍പിഎഫ് സേനയുടെ കരുത്തും, വൈദഗ്ധ്യവും പരക്കെ പ്രശംസിക്കപ്പെടുന്നു. വരും ദിവസങ്ങളില്‍ സിആര്‍പിഎഫിന് വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും പര്യായമാണ് സിആര്‍പിഎഫ് എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സിആര്‍പിഎഫ് വീണ്ടും വീണ്ടും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹത്തെ സേവിക്കാന്‍ കാണിക്കുന്ന സിആര്‍പിഎഫിന്റെ ആത്മാര്‍ത്ഥത പകരംവയ്ക്കാന്‍ കഴിയാത്തതാണ്. ലോകത്തെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കൊപ്പം ചേര്‍ന്ന് ധീരരായ സിആര്‍പിഎഫ് ജവാന്മാര്ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശംസകള്‍ നേരുന്നു എന്നും അമിത് ഷാ അറിയിച്ചു.
രാജ്യത്തിന്റെ സമാധാന പാലകരെന്നാണ് വെങ്കയ്യനായിഡു സിആര്‍പിഎഫ് സേനയെ വിശേഷിപ്പിച്ചത്. ജോലിയോടുള്ള അവരുടെ ആത്മാര്‍ത്ഥതയെയും അദ്ദേഹം വാഴ്ത്തി.