ലക്നൗ : ഭീകരാക്രമണ സാദ്ധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തില്‍ അയോദ്ധ്യയില്‍ സുരക്ഷ ശക്തമാക്കി. 10,000 സുരക്ഷാ ഉദ്യോഗസ്ഥരാണ് അയോദ്ധ്യയിലും രാജമന്മഭൂമി പരിസരത്തും വിന്യസിച്ചിരിക്കുന്നത്. പ്രദേശം അതീവ ജാഗ്രതയിലാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അയോദ്ധ്യയെ മൂന്ന് സോണുകളായി തിരിച്ചാണ് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. റെഡ്, യെല്ലോ, ഗ്രീന്‍ എന്നിങ്ങനെയാണ് പ്രദേശത്തെ വിഭജിച്ചിരിക്കുന്നത്. കനത്ത സുരക്ഷ ആവശ്യമായ രാമജന്മഭൂമി കോംപ്ലക്സും പരിസരവും റെഡ് സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാമജന്മഭൂമിക്ക് പുറത്തുള്ള പ്രദേശം യെല്ലോ സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അയോദ്ധ്യയിലെ ബാക്കിയുള്ള പ്രദേശങ്ങളെ ഗ്രീന്‍ സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി.
സിആര്‍പിഎഫ്, പിഎസി എന്നിവരാണ് സുരക്ഷയ്ക്കായി പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമേ ഉത്തര്‍പ്രദേശ് പോലീസും, ഉത്തര്‍ പ്രദേശ് പോലീസ് ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകളും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനത്തില്‍ രാമജന്മ ഭൂമിയില്‍ പാകിസ്താന് ചാര സംഘടനയായ ഐഎസ്ഐ ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ആക്രമണത്തിനായി അഫ്ഗാനിസ്താനിലെ ലഷ്കര്‍ ഇ ത്വയ്ബ, ജെയ് ഷെ മുഹമ്മദ് ഭീകരര്‍ക്ക് പരിശീലനം നല്കി വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അയോദ്ധ്യയില്‍ അടിയന്തിരമായി സുരക്ഷ ശക്തമാക്കിയത്.