തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായ റമീസിനെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്ളാറ്റിലും, തൊട്ടടുത്തെ ഹോട്ടലിലും, അരുവിക്കരയിലെ സന്ദീപ് നായരുടെ വീട്ടിലുമായിരുന്നു തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് അതീവ രഹസ്യമായായിരുന്നു തെളിവെടുപ്പ്.
നേരത്തെ കേസിലെ മറ്റ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും ഇതേ സ്ഥലങ്ങളില്‍ എത്തിച്ച് എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിലെ പ്രധാനകണ്ണിയായ റമീസിനെയും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്.
സ്വര്‍ണ്ണക്കടത്തില്‍ സരിത്ത് പിടിയിലായതിന് തൊട്ടടുത്ത ദിവസങ്ങളില്‍ റമീസും സന്ദീപും അടക്കമുള്ള മറ്റ് പ്രതികള്‍ ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫ്ളാറ്റില്‍ എത്തിയതിനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഫ്ളാറ്റിലെ സന്ദര്‍ശക ഡയറി അടക്കമുള്ള രേഖകളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്.
അരുവിക്കരയിലെ സന്ദീപ് നായരുടെ വീട്ടിലാണ് അന്വേഷണ സംഘം കൂടുതല്‍ നേരം തെളിവെടുപ്പ് നടത്തിയത്. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം ഈ വീട്ടില്‍വെച്ചാണ് പ്രതികള്‍ വേര്‍തിരിക്കുന്നത് എന്നാണ് എന്‍ഐഎ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍ഐഎ സംഘം കൂടുതല്‍ നേരം തെളിവെടുപ്പ് നടത്തിയത്.