ന്യൂഡല്‍ഹി : രാജ്യത്തെ ജനങ്ങള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യമാര്‍ന്നതും എല്ലാവരും ഉള്‍ക്കൊള്ളുന്നതുമായ സമൂഹം കെട്ടിപ്പടുക്കാന്‍ ഈ ദിനം പ്രചോദനമാകട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നത്.
എല്ലാ ജനങ്ങള്‍ക്കും ഈദ് ആശംസകള്‍ നേരുന്നു. ഐക്യമാര്‍ന്നതും എല്ലാവരും ഉള്‍ക്കൊള്ളുന്നതുമായ സമൂഹം കെട്ടിപ്പടുക്കാന്‍ ഈ ദിവസം പ്രചോദനമാകട്ടെ. സാഹോദര്യവും സ്നേഹവും എക്കാലവും തുടരട്ടെ – പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രിക്ക് പുറമേ രാഷ്ട്രപതിയും രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ത്യാഗമാണ് ഈദ് ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ലോകത്തെ എല്ലാ ജനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കാന്‍ ഈ ദിനം ഏവര്‍ക്കും പ്രചോദനം ആകട്ടെ . ഈ വിശുദ്ധ ദിനത്തില്‍ കൊറോണ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സന്തോഷം പങ്കുവെയ്ക്കാമെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇദ് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാനും, സമൂഹത്തില്‍ സമാധാനവും, സഹിഷ്ണുതയും വളര്‍ത്താനും ഈ ഉത്സവം സഹായിക്കുമെന്നാണ് പ്രധാനമന്ത്രി ആശംസിച്ചത്.