ബേക്കിംഗ് സോഡ അഥവാ ബൈകാർബോണറ്റ് സോഡാ , സാധാരണയായി നമ്മൾ ഉപയോഗിക്കുന്നത് ബേക്കിംഗ് ആവശ്യത്തിനാണ് . ബേക്കിംഗ് സോഡാ വൈവിധ്യമാർന്ന ഗുണങ്ങൾ ഉള്ള ഒരു വസ്തുവാണ് . ആരോഗ്യപ്രശ്‌നങ്ങൾക്കും പ്രതിവിധി ആയി ബേക്കിംഗ് സോഡാ ഉപയോഗിക്കാം .
പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന ചില കീടനാശിനികൾ എത്ര കഴുകിയാലും പോയി എന്ന് വരില്ല. അതിനുള്ള ഉത്തമ പ്രതിവിധിയാണ് ബേക്കിംഗ് സോഡാ . രണ്ടു കപ്പ് വെള്ളത്തിൽ ഒരു ടീ സ്പൂൺ ബേക്കിംഗ് സോഡാ കലക്കി , പച്ചക്കറികൾ അൽപനേരം അതിൽ മുക്കി വെക്കുക . കീടനാശിനികളുടെ വീര്യം ഇല്ലാതാക്കാം.
വായിലെ ദുർഗന്ധം പലരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. എത്ര പല്ലു തേച്ചാലും വായിലെ ദുർഗന്ധം പോവില്ല. മൗത്ത് വാഷ് ഒരു പരിധി വരെ ഇതിനു ഫലപ്രദമാണ്. കടയിൽ നിന്നും വാങ്ങുന്ന മൗത്ത് വാഷിനു പകരമായി നമുക്ക് ബേക്കിംഗ് സോഡാ മിശ്രിതം ഉപയോഗിക്കാവുന്നതാണ് . ബേക്കിംഗ് സോഡയുടെ ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ വായിലെ ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു .
ശരീര ദുർഗന്ധം അകറ്റാനുള്ള ഡിയോഡറന്റായും ബേക്കിംഗ് സോഡാ ഫലപ്രദമാണ് .പണ്ട് തുണികൾ വെളുപ്പിക്കാൻ കാരത്തിൽ പുഴുങ്ങി നനയ്‌ക്കുന്ന ശീലം ഉണ്ടായിരുന്നു. ശീലങ്ങൾ മാറിയപ്പോൾ അതും ഇല്ലാതായി . കാരം എന്നത് ബേക്കിംഗ് സോഡയാണ് , അതിനാൽ തന്നെ കരിമ്പനും കറയും പിടിച്ച തുണികൾ വൃത്തിയാക്കാൻ വളരെയധികം ഫലപ്രദമാണ് .
ഇന്ന് വിപണിയിൽ ശുചിമുറികൾ വൃത്തിയാക്കാനുള്ള അനേകം ഉല്പന്നങ്ങൾ ലഭ്യമാണ് . എന്നാൽ ഇതിനേക്കാളൊക്കെ തറ വൃത്തിയാക്കാനും ശുചിമുറി വൃത്തിയാക്കാനും ഏറെ നല്ലതാണു ബേക്കിംഗ് സോഡാ. ടൈലുകളിൽ ഉണ്ടാകുന്ന പാടുകളും കറയും മായ്‌ക്കുക മാത്രമല്ല നല്ലൊരു അണുനാശിനി കൂടിയാണ് ബേക്കിംഗ് സോഡാ .
രാവിലെ പല്ലു തേക്കുമ്പോൾ മാത്രമാണ് മിക്കവാറും നമ്മൾ ടൂത്ത് ബ്രഷ് കഴുകുന്നത് . ടൂത്ത് ബ്രഷ് അണുവിമുക്തമാക്കണം എന്നുള്ളത് നമ്മുടെ ചിന്തയിൽ പോലും വരാറില്ല . ഉപയോഗം കഴിഞ്ഞു തുറന്നിരിക്കുന്ന ടൂത്ത് ബ്രഷിൽ ധാരാളം കീടാണുക്കൾ ഉണ്ടാകാം . വെറുതെ കഴുകിയാൽ പോകുന്നവയായിരിക്കില്ല പലതും. ഇത്തരം ടൂത്ത് ബ്രഷ് അണുവിമുക്തമാക്കാനും ബേക്കിംഗ് സോഡക്കു കഴിയും .
മഴക്കാലത്തും ,ധാരാളം വിയർക്കുന്ന വ്യക്തികളും, നേരിടുന്ന പ്രശ്നമാണ് ദുർഗന്ധം വമിക്കുന്ന ഷൂസുകൾ . ഇതിനും പരിഹാരം കാണാൻ ബേക്കിംഗ് സോഡക്കു കഴിയും. രണ്ടു തുണികളിൽ ബേക്കിംഗ് സോഡാ വിതറി ഷൂസിനുള്ളിൽ വെക്കുക. ദുർഗന്ധം പമ്പ കടക്കും .















