തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ചികിത്സാ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച. ഇപ്പോൾ ജനറൽ സർജറി വിഭാഗം ഐസിയു പ്രവർത്തിക്കുന്നത് മുണ്ടുകളും തുണികളും കെട്ടിമറച്ചാണ്. സുരക്ഷിതമായ സാഹചര്യത്തിൽ പ്രവർത്തിക്കേണ്ട ഐസിയുവിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്ത് നൽകി. ഇത്തരമൊരു സാഹചര്യത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും രോഗികളുടെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാർച്ച 17-നാണ് മെഡിക്കൽ കോളേജ് മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ തീപിടുത്തമുണ്ടായത്. ന്യൂറോ സർജറി, ജനറൽ സർജറി വിഭാഗങ്ങൾ കൈകാര്യം ചെയ്തിരുന്ന ഐസിയു ആണ് അന്ന് കത്തിനശിച്ചത്. ഇതിനെത്തുടർന്ന് രോഗികളെ താൽക്കാലികമായി സജ്ജീകരിച്ച മറ്റൊരു വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും കത്തിനശിച്ച ഐസിയു നന്നാക്കാനോ പകരം സംവിധാനം ഒരുക്കാനോ സർക്കാർ തയ്യാറായിട്ടില്ല. 
അണുബാധ തടയേണ്ട സ്ഥലത്ത് ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നത് രോഗികളുടെ ജീവന് ഭീഷണിയാണ്. തീപിടുത്തം നടന്ന സമയത്തും അതിന് ശേഷമുള്ള ദിവസങ്ങളിലുമായി അഞ്ച് പേരാണ് ആ വാർഡിൽ മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ അന്ന് പരാതിപ്പെട്ടെങ്കിലും അധികൃതർ അത് അവഗണിക്കുകയായിരുന്നു. തീപിടുത്തത്തെക്കുറിച്ചോ തുടർന്നുണ്ടായ മരണങ്ങളെക്കുറിച്ചോ കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല.
ദയനീയാവസ്ഥയിലുള്ള ഐസിയുവിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് രോഗികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നും ഉയരുന്നത്. അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വലിയൊരു ദുരന്തത്തിന് കൂടി മെഡിക്കൽ കോളേജ് സാക്ഷിയാകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഡോക്ടർമാർ നൽകുന്നത്. സാധാരണക്കാരായ രോഗികൾ എത്തുന്ന മെഡിക്കൽ കോളേജിലെ ഈ അവസ്ഥ ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും പരാജയമാണ്.















