വാൻകൂവർ: ആഡംബര വിനോദസഞ്ചാര കപ്പലായ ‘എംവി ഹോണ്ടിയസിനെ’ ഭീതിയിലാഴ്‌ത്തി പടർന്നുപിടിച്ച ഹന്താവൈറസ് ബാധ കാനഡയിലുമെത്തി. കപ്പൽ യാത്ര കഴിഞ്ഞ് സ്വദേശത്തേക്ക് തിരിച്ചെത്തിയ നാല് കനേഡിയൻ പൗരന്മാരിൽ ഒരാൾക്ക് രോഗബാധയുള്ളതായി കാനഡ നാഷണൽ ഹെൽത്ത് ഏജൻസി സ്ഥിരീകരിച്ചു. കപ്പലിലെ ജീവനക്കാരിലും യാത്രക്കാരിലും രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് കാനഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ അടിയന്തിരമായി നാട്ടിലേക്ക് തിരിച്ചെത്തിച്ചിരുന്നു.
ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസം ഇയാൾക്ക് പ്രാഥമിക പരിശോധനകളിൽ രോഗബാധ സംശയിച്ചിരുന്നു. തുടര്‍ന്ന് വിന്നിപെഗിലെ നാഷണൽ മൈക്രോബയോളജി ലബോറട്ടറിയിൽ നടത്തിയ വിശദമായ വിദഗ്‌ദ്ധ പരിശോധനകൾക്കൊടുവിലാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മേയ് 10-ന് സ്പെയിനിലെ കാനറി ദ്വീപുകളിലുള്ള ടെനറൈഫ് സുഡ് വിമാനത്താവളത്തിൽ നിന്നും യൂറോ അറ്റ്‌ലാന്റിക് എയർവേയ്‌സ് വിമാനത്തിലാണ് രോഗബാധിതനായ വ്യക്തി അടക്കമുള്ള സംഘം കാനഡയിൽ തിരിച്ചെത്തിയത്.
എലികളിൽ നിന്നും മറ്റ് ജീവികളിൽ നിന്നും പകരുന്ന മാരകമായ വൈറസ് ബാധയാണ് ഹന്താവൈറസ്. കപ്പലിലെ മറ്റ് യാത്രികരും നിരീക്ഷണത്തിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ നടപടികൾ ശക്തമാക്കിയതായും പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ വ്യക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണ്.















