വയനാട് മാനന്തവാടിയിലെ വരയാല്‍ എന്ന പ്രദേശത്താണ് വരയാല്‍ ശ്രീ വരദായിനി നാഗരാജ നാഗയക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തു നിന്നുമായി ആളുകള്‍ വരാറുണ്ട്.
സൗഭാഗ്യത്തിനും നാഗ ദോഷങ്ങള്‍ മാറുന്നതിനും കുടുംബകലഹം, ജാതക ദോഷം എന്നിവയ്‌ക്ക് പരിഹാരം തേടാനുമായി ഇവിടെയെത്തുന്നവര്‍ ഒരുപാടാണ്. പ്രാര്‍ത്ഥിച്ചു ഫലസിദ്ധി നേടിയാല്‍ വീണ്ടും ഇവിടെ വന്നു പ്രാര്‍ത്ഥന നടത്തുന്നവരും ഏറെയാണ്. ഒരു അപൂര്‍വ ക്ഷേത്രസ്ഥാനമാണിത്. ആദിപരാശക്തിയും സര്‍പ്പങ്ങളുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍. സ്വയം ബ്രഹ്മനാണ് ഈ ക്ഷേത്രം സ്ഥാപിച്ചത് എന്നു പറയപ്പെടുന്നു.
150 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നാമാവശേഷമായി അതിനുശേഷം ഈ അടുത്തകാലത്താണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്.
ദ്വാപരയുഗത്തിന്റെ അവസാനത്തില്‍ കൗരവ പാണ്ഡവ യുദ്ധം നടക്കുന്ന സമയം യുദ്ധം കാണാനാവാതെ പരശുരാമന്‍ അവിടെ നിന്നും യാത്ര പുറപ്പെട്ടു പോയെന്നും പോകുന്ന വഴി വരയാല്‍ പ്രദേശത്തിന് അടുത്തെത്തിയപ്പോള്‍ അവിടെയുള്ള ആലിന്‍ ചുവട്ടില്‍ ധ്യാനിച്ചിരുന്നു എന്നും അങ്ങനെ ആ സ്ഥലത്തിന് വരയാല്‍ എന്നു പേര് വന്നു എന്നാണ് ഐതിഹ്യം. അന്നു മുതല്‍ ക്ഷേത്രത്തില്‍ മഹാവിഷ്ണുവിന്റെയും അനന്തതയും നിറസാന്നിധ്യം ഉണ്ടെന്നും വിശ്വസിക്കുന്നു.
ശ്രീ മുത്തപ്പന്‍, ഗണപതി, ഗുളികന്‍, മലക്കാരി എന്നിവയാണ് മറ്റു പ്രധാന പ്രതിഷ്ഠകള്‍. താമരമൊട്ടു കൊണ്ടുള്ള പൂമാലയാണ് ഇവിടുത്തെ പ്രധാന വഴിപാട്. തടസം ഇല്ലാതിരിക്കുന്നതാണ് ഈ വഴിപാട് പ്രധാനമായും കഴിക്കുന്നത്. കുട്ടികളുണ്ടാവാന്‍ ഓടിന്റെ ഉരുളി കമിഴ്‌ത്തലും വിവാഹം നടക്കാനായി ഒറ്റ മംഗല്യ ഹോമവുമാണ് മറ്റു പ്രധാന വഴിപാടുകള്‍. ഒരു ദിവസത്തെ പൂജ അന്നദാനം എന്നിവയും വഴിപാടായി കഴിപ്പിക്കാവുന്നതാണ്. ദിവസം തോറും ഒരുപാട് ഭക്തജനങ്ങളാണ് ക്ഷേത്രത്തിന്റെ പ്രത്യേകതയും ശക്തിയും മനസ്സിലാക്കി എത്തുന്നത്. ഇവിടെയെത്തി മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കുന്നവര്‍ ഉദ്ദേശം ഫലം ലഭിമെന്നാണ് വിശ്വാസം
Comments