രാജ്യം നാളെ എഴുപത്തി നാലാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ , അറിയാം ദേശീയ പതാകയുടെ ചരിത്രം . കുങ്കുമവും , വെള്ളയും , പച്ചയും , വെള്ള നിറത്തിന് നടുവിൽ നീല നിറത്തിലുള്ള അശോകചക്രവുമുള്ള , ത്രിവർണ പതാക പാറി കളിക്കുന്നത് കാണുന്ന ഏതൊരു ഭാരതീയനും അത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ ആണ് .
ദേശീയ പതാകയുടെ മാതൃകയ്ക്ക് വേണ്ടിയുള്ള വർഷങ്ങൾ നീണ്ട ശ്രമത്തിനു ശേഷം ,1947 ആഗസ്റ്റ് 16 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവാണ് ചുവന്ന കോട്ടയിൽ വെച്ച് എല്ലാവരാലും തെരഞ്ഞെടുക്കുകയും അംഗീകരിക്കുകയും ചെയ്ത ത്രിവർണപതാക ഉയർത്തിയത് .
1947 ജൂലൈ 22 ന് ചേർന്ന യോഗത്തിലാണ് സ്വതന്ത്ര ഇന്ത്യക്ക് ഒരു പതാക വേണം എന്ന ആവശ്യം ഉയർന്നു വന്നത് . അങ്ങിനെയാണ് പിംഗലി വെങ്കയ്യ എന്ന സ്വാതന്ത്ര്യ സമരസേനാനി രൂപകൽപന ചെയ്ത ത്രിവർണ പതാക അംഗീകരിക്കപ്പെടുകയും സ്വതന്ത്ര ഇന്ത്യയുടെ പതാകയായി മാറുന്നതും .
ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇന്ത്യക്കു വേണ്ടി ആദ്യമായി ഒരു പതാക രൂപകൽപന ചെയ്തത് സിസ്റ്റർ നിവേദിതയാണ് . പച്ചയും മഞ്ഞയും ചുവപ്പും കൊണ്ടുള്ള കുറുകെയുള്ള മാതൃകയിൽ , നടുവിലായി വന്ദേ മാതരം എന്ന എഴുത്തും , പച്ചവർണ്ണത്തിൽ പകുതി തുറന്ന എട്ട് താമരയുടെ ചിത്രവും , ചുവപ്പു വർണ്ണത്തിൽ സൂര്യന്റെയും ചന്ദ്രന്റെയും ചിഹ്നങ്ങളുമാണ് ഉണ്ടായിരുന്നത് .
1917 ൽ ഡോക്ടർ ആനി ബസന്റും ലോക മാന്യ തിലകും ചേർന്ന് മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമായി പുതിയൊരു പതാക രൂപകൽപന ചെയ്തു . അഞ്ചു ചുവപ്പും നാലു പച്ചയും കൊണ്ടുള്ള കുറുകെ തീർത്ത വരകളിൽ ബ്രിട്ടീഷ് രാജ്യത്തിന്റെ പതാകയുടെ ചിഹ്നവും , ചന്ദ്രക്കലയും നക്ഷത്രവും , പിന്നെ നീളത്തിൽ സപ്തർഷികളെ സൂചിപ്പിക്കുന്ന ഏഴു നക്ഷത്രങ്ങളുമാണ് ഉണ്ടായിരുന്നത് .
1921 ൽ ഗാന്ധിജിയുടെ നാമത്തിലുള്ള പതാകയും , 1931 മുതൽ 1947 വരെ സ്വരാജ് എന്ന പതാകയുമാണ് ഉണ്ടായിരുന്നത് . ഇന്ന് നമ്മൾ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദേശീയ പതാക രൂപകൽപന ചെയ്തതിന്റെ അംഗീകാരം തീർച്ചയായും പിംഗലി വെങ്കയ്യക്ക് അവകാശപ്പെട്ടതാണ് .
ദക്ഷിണ ആഫ്രിക്കയിൽ വെച്ചാണ് പിംഗലി വെങ്കയ്യ ഗാന്ധിജിയെ പരിചയപ്പെടുന്നത് . അദ്ദേഹത്തിന്റെ വർഷങ്ങൾ നീണ്ട പഠനത്തിനും പ്രയത്നത്തിനും ഒടുവിലാണ് ഇങ്ങിനെ ഒരു പതാകയുടെ മാതൃക ഉരുത്തിരിഞ്ഞത് . അദ്ദേഹം രൂപകൽപന ചെയ്ത പതാകകളെക്കുറിച്ചുള്ള പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട് .
Comments