മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്ന മഹേന്ദ്ര സിംഗ് ധോണി സ്വാതന്ത്ര്യ ദിനത്തിൽ പങ്കു വെച്ച വീഡിയോയിൽ കൂടിയാണ് താൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന കാര്യം ലോകത്തോട് പങ്കു വെച്ചത് . ലോകത്തെമ്പാടുമുള്ള ആരാധകരെയും ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന കാര്യം .
വാർത്ത വന്ന ഉടൻ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ധോണിയെ പ്രശംസിച്ചു കൊണ്ടും ആശംസകൾ അറിയിച്ചു കൊണ്ടുമുള്ള സന്ദേശങ്ങളുടെ പ്രവാഹം തന്നെയായിരുന്നു . ഈ അവസരത്തിൽ ആണ് പാൽ ഉത്പന്നങ്ങളുടെ ബ്രാൻഡായ അമുൽ, അവരുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ക്രിക്കറ്റ് ലോകത്തിന് ധോണി സമ്മാനിച്ച നേട്ടങ്ങളെ പ്രശംസിച്ചു കൊണ്ട് വ്യത്യസ്തമായ രീതിയിൽ ഉള്ള ഒരു ഡൂഡിൽ പോസ്റ്റ് ചെയ്തത് .
എം എസ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് അവർ ഡൂഡിൽ പോസ്റ്റ് ചെയ്തത് . അമുൽ ബ്രാൻഡിന്റെ ചിഹ്നമായ പെൺകുട്ടി ഒരു ബാറ്റും , കളിക്കളത്തിൽ ധോണിയുടെ നമ്പരായ ഏഴ് എഴുതിയിരിക്കുന്ന ജേഴ്‌സിയും അണിഞ്ഞിരിക്കുന്നു . കൂട്ടത്തിൽ ഒരു കഷ്ണം ബ്രെഡ് കയ്യിൽ പിടിച്ചു കൊണ്ട് യാത്ര ചോദിക്കുന്ന ധോണിയുടെ ചിത്രവുമാണ് ഡൂഡിലിൽ ഉള്ളത് . ഒരിക്കലും തോൽക്കാതെ ജൈത്രയാത്ര തുടരൂ ധോണി എന്ന വാചകമാണ് ഡൂഡിലിൽ എഴുതിയിരിക്കുന്നത് .
ഡൂഡിൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപായി ധോണിയുടെ കുറെ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് ആദ്യം അമുൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കു വെച്ചത് . ഡൂഡിൽ പോസ്റ്റ് ചെയ്തതോടെ വൻ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് .
Comments