വാഷിംഗ്ടണ്‍: അന്തരീക്ഷത്തിലെ ഈര്‍പ്പനില ഉയര്‍ന്നതാണെങ്കില്‍ വൈറസ് വാഹകരായ കണങ്ങളുടെ ആയുര്‍ ദൈര്‍ഘ്യം 23 ഇരട്ടി വരെ ദീര്‍ഘിക്കുമെന്ന് പഠനം. ജേണല്‍ ഫിസിക്സ് ഓഫ് ഫ്ളൂയിഡ്സിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അന്തരീക്ഷത്തിലെ ഈര്‍പ്പ നിലയും കൊറോണ വൈറസിനെ വഹിക്കുന്ന സൂക്ഷ്മ കണങ്ങളുടെ ആയുര്‍ ദൈര്‍ഘ്യവും തമ്മില്‍ ബന്ധമുണ്ടെന്നും ഈര്‍പ്പ നില ഉയര്‍ന്നതാണെങ്കില്‍ ഇടത്തരം വലുപ്പമുള്ള കണങ്ങളുടെ ആയുര്‍ദൈര്‍ഘ്യം ദീര്ഘിക്കുമെന്നുമാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. കൊറോണ രോഗിയുടെ നിശ്വാസ വായുവിലുള്ള വൈറസിനെ വായുവിന്റെയും ദ്രവകണത്തിന്റേയും ചലനം എങ്ങനെ ബാധിക്കുന്നുവെന്നതായിരുന്നു പരീക്ഷണം.
സാമൂഹിക അകലം പാലിക്കല്‍ കൊറോണ പ്രതിരോധത്തില്‍ ഏറെ നിര്‍ണായകമാണെന്നും പഠനത്തില്‍ പറയുന്നു. നിശ്വാസ വായുവിലെ കണങ്ങളുടെ സഞ്ചാര പഥത്തെ വായുവിലെ മര്‍ദ്ദ വ്യത്യാസം എങ്ങനെയാണ് ബാധിക്കുന്നതെന്ന് ഗവേഷകര്‍ വികസിപ്പിച്ചെടുത്ത മാതൃകയില്‍ വിശദീകരിക്കുന്നു.
ശ്വാസോച്ഛ്വാസം, സംസാരം, ചുമയ്ക്കല്‍ എന്നിങ്ങനെ സ്വാഭാവിക പ്രക്രിയയിലൂടെയാണ് കൊറോണ വൈറസ് വ്യാപനം നടക്കുന്നതെന്നാണ് കരുതുന്നത്. എന്നാല്‍ വൈറസ് വായുവിലൂടെ പകരുന്നതെങ്ങനെയാണെന്നതിനെ കുറിച്ച് വളരെ കുറച്ച് മാത്രമെ അറിയാന്‍ കഴിഞ്ഞിട്ടുള്ളുവെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
കണങ്ങളില്‍ അടങ്ങിയിരിക്കുന്ന വൈറസുകളുടെ സാന്നിദ്ധ്യം അതിന്റെ വലുപ്പത്തിന് ആനുപാതികമാണെങ്കില്‍ ചുമയ്ക്കുമ്പോള്‍ 70 ശതമാനത്തോളം വൈറസുകളും പുറത്തെത്തും. എന്നാല്‍ സാമൂഹിക അകലം പാലിക്കുന്നത് വൈറസ് വാഹകരായ കണങ്ങള്‍ ആളുകളില്‍ പതിക്കുന്നത് കുറയ്ക്കുകയും രോഗവ്യാപനം തടയുകയും ചെയ്യുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.















