പ്രതീക്ഷകളുടെ ഉത്സവമാണ് ഓണക്കാലം. ഇല്ലായ്മകളുടെ ഇരുണ്ടമാസമായ കർക്കിടകത്തിൽ നിന്ന് പ്രത്യാശയുടെ പുതുവെളിച്ചം തേടി ചിങ്ങമെത്തിയിരിക്കുകയാണ്. സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും പൊന്നിൻ ചിങ്ങം മലയാളികളുടെ പ്രിയപ്പെട്ട മാസമാണ്. ചിങ്ങമാസത്തിലാണ് മലയാളികൾ പൊന്നോണം കൊണ്ടാടുന്നത്. സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞു നിൽക്കുന്ന ഈ ഓണക്കാലം കച്ചവടക്കാർക്കും ഏറെ പ്രിയപ്പെട്ടതാണ്.
വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന സമയമാണ് ഓണക്കാലം. കൊറോണ വ്യാപനത്തെ തുടർന്ന് വിഷു ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കച്ചവടക്കാർക്ക് വൻനഷ്ട്ടം വിതച്ചെങ്കിലും ഈ ഓണക്കാലം അവർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. കൊറോണ ലോക്ക്ഡൗണിനെതുടർന്ന് കഴിഞ്ഞ അഞ്ചു മാസമായി കച്ചവടക്കാരെല്ലാം വ്യാപാരമില്ലാതെ ദുരിതത്തിലായിരുന്നു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കുറഞ്ഞെങ്കിലും മുൻപുണ്ടായിരുന്ന കച്ചവടത്തിന്റെ 20% മാത്രമാണ് നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ തിരുവോണം അടുക്കുന്തോറും കച്ചവടത്തിൽ നല്ല രീതിയിൽ പുരോഗമനമുണ്ടാവുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.
കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പരമ്പരാഗത കച്ചവട രീതികൾ മാറ്റി ഡിജിറ്റൽ മാർഗ്ഗങ്ങൾ വഴിയാണ് ഇപ്പോൾ വ്യാപാരികൾ കച്ചവടം നടത്തുന്നത്. ഗൂഗിൾ പേ, പേടിഎം, പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പണമിടപാടുകൾ നടത്തുന്നത്. അതുമാത്രമല്ല പല വ്യാപാരികളും ഹോം ഡെലിവെറിയ്‌ക്കുവേണ്ടി ഓൺലൈൻ ആപ്ലിക്കേഷൻ രൂപീകരിക്കുന്നുണ്ട്. ഓണക്കാലമാണെങ്കിലും എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് കടകൾ പ്രവർത്തിക്കുന്നത്. കൈ കഴുകലും, സാമൂഹികാകലവും എല്ലാ സ്ഥാപനങ്ങളിലും നിർബന്ധമാക്കിയിരിക്കുകയാണ്. അതുപോലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും സാധനങ്ങളുമായി വരുന്ന വണ്ടികൾക്കും നിയന്ത്രണങ്ങളുണ്ട്.
ഡ്രൈവർമാർക്കെല്ലാം താപനില പരിശോധിക്കണം, വണ്ടികൾക്ക് പ്രത്യേകം ടോക്കൺ എടുക്കണം. അങ്ങനെ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടാണ് വ്യാപാരികൾ ഇത്തവണത്തെ ഓണക്കച്ചവടം നടത്തുന്നത്. അത്തമെത്തുന്നതിനു മുൻപേ കടകളിൽ വിപണി സജീവമായികൊണ്ടിരിക്കുകയാണ്.
















Comments