ചിങ്ങമാസത്തിലെ ഓണക്കാലം മുറ്റത്തെത്തിയിരിക്കുകയാണ്. അത്തം മുതൽ പത്ത് ദിവസം പൂക്കളമിട്ടാണ് തന്റെ പ്രജകളെ കാണുവാൻ വരുന്ന മഹാബലി തമ്പുരാനെ ഓരോ വീടും സ്വീകരിക്കുന്നത്. അത്തമെത്തിയാൽ രാവിലെ തന്നെ തൊടിയിലെ പൂക്കൾ പറിക്കുവാനും, പൂക്കളം ഒരുക്കുവാനും എല്ലാവർക്കും ഉത്സാഹമാണ്. ആഘോഷത്തിന്റേയും, സന്തോഷത്തിന്റേയും ഭാഗമായിട്ടാണ് പൂക്കളമൊരുക്കുന്നതെങ്കിലും, പൂക്കളമൊരുക്കുമ്പോൾ പാലിക്കേണ്ട ചില ചിട്ടവട്ടങ്ങളുണ്ട്.
വീട്ടുമുറ്റത്ത് പൂത്തറയുണ്ടാക്കി ചാണകം മെഴുകിയാണ് പൂക്കളം പത്ത് ദിവസവും ഒരുക്കേണ്ടത്. ആദ്യത്തെ ദിവസമായ അത്തം നാളിൽ ഒരു നിര പൂവ് മാത്രമേ ഇടാൻ പാടുള്ളു. രണ്ടാം നാളിൽ രണ്ടിനം പൂവുകൾ, മൂന്നാം നാളിൽ മൂന്നിനം പൂവുകൾ അങ്ങനെ ഓരോ ദിവസവും പൂക്കളത്തിന്റെ വലുപ്പം കൂടി വരും. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. ഉത്രാടം നാളിലാണ് ഏറ്റവും കൂടുതൽ പൂക്കൾ ഉപയോഗിച്ച് പൂക്കളം ഒരുക്കുന്നത്.
ചെമ്പരത്തി, ചെത്തി, അരളി, മന്താരം, കൃഷ്ണകിരീടം, വാടാമല്ലി, തുളസി, മുക്കുറ്റി തുടങ്ങിയവയാണ് പൂക്കളത്തിന് ഉപയോഗിക്കുന്നത്. പൂക്കളമൊരുക്കുമ്പോൾ തുമ്പപ്പൂ നിർബന്ധമാണ്. തുമ്പപ്പൂവിട്ടാണ് പൂവിടാൻ തുടങ്ങേണ്ടത്. ഉത്രാടദിവസം വൈകിട്ട് പൂക്കളത്തിലെ പൂവെല്ലാം മാറ്റി ചാണകം കൊണ്ട് പൂത്തറ മെഴുകി തുമ്പക്കുടം വെയ്ക്കും. എന്നിട്ട് തിരുവോണ നാളിൽ രാവിലെ നിലവിളക്ക് കത്തിച്ച് അരിമാവ് കൊണ്ട് കോലം വരയ്ക്കും. മണ്ണുകൊണ്ടോ തടികൊണ്ടോ ഉണ്ടാക്കിയ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ വാഴയിലയിൽ പ്രതിഷ്ഠിക്കും. തിരുവോണ ദിവസം രാവിലെ നേദിച്ച പൂവട വീടിന്റെ നാല് ദിക്കിലും വെയ്ക്കും. ശേഷം ആർപ്പുവിളിക്കുന്നതോടുകൂടി ഓണത്തപ്പനെ വരവേൽക്കുകയാണ്. തുടർന്ന് അരിമാവ് കൊണ്ടുള്ള കോലം വീടിന്റെ പല ഭാഗത്തും വരയ്ക്കും. ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് ഇങ്ങനെ ചെയ്യന്നത്.
















Comments