പശ്ചിമഘട്ടത്തിന്റെ ഭാഗമായ മല്ലീശ്വരമുടി അട്ടപ്പാടിയില്‍ നിന്നും നാലായിരം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അട്ടപ്പാടിയുടെ ദൈവ സങ്കല്‍പമാണ് മല്ലീശ്വരമുടി. ശിവന്റെ തിരുമുടി എന്നാണ് മല്ലീശ്വരമുടിയുടെ അര്‍ത്ഥം. മല്ലീശ്വരമുടിയെ ശിവഭഗവാനായും ഭവാനി നദിയെ പാര്‍വതീദേവിയായുമാണ് ഈ ജനത കാണുന്നത്. ഒരുപാട് ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്നഒന്നാണ് മല്ലീശ്വരമുടി. അട്ടപ്പാടിയിലെ ചെമ്മണ്ണൂരില്‍ ഭവാനി പുഴയുടെ തീരത്താണ് മല്ലീശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ടു നാളുകളിലായി അട്ടപ്പാടിയിലെ ആളുകള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി വളരെ പ്രശസ്തമാണ്.
അട്ടപ്പാടിയിലെ നൂറ്റിഅന്‍പതോളം വരുന്ന ആദിവാസി കോളനിയിലെ നിവാസികളും പുറത്തു നിന്നുള്ളവരുമായി ആയിരക്കണക്കിനാളുകളാണ് ശിവരാത്രി നാളില്‍ ഇവിടെ എത്തിച്ചേരുന്നത്. ആദിവാസി വിഭാഗത്തിലെ ക്ഷേത്രമാണെങ്കിലും മറ്റു ക്ഷേത്ര വര്‍ഗക്കാരും ഇവിടെ വരാറുണ്ട്. മല്ലീശ്വരന്‍ ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഭഗവതിയും വനദേവതകളും ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകളാണ്. സ്ത്രീകള്‍ നടത്തുന്ന കലശ മുല്ലപ്പൂ വഴിപാടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ചുവന്ന തുണി കൊണ്ട് കുടങ്ങളുടെ വായ മൂടിക്കെട്ടി അതിനുമുകളില്‍ മുല്ലപ്പൂ വച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടു വരുന്നതാണ് ഈ വഴിപാട്. പാര്‍വതിദേവിയ്‌ക്ക് ചൂടാന്‍ ആണ് മുല്ലപ്പൂക്കള്‍ കൊണ്ടുവരുന്നത് എന്നാണ് സങ്കല്‍പം.
വേഷപ്രച്ഛന്നരായി നാടുചുറ്റിയ പരമശിവനും പാര്‍വതിയും അട്ടപ്പാടിയിലെത്തിയെന്നും ഇവരോട് അവിടെ തുടരാന്‍ നാട്ടുകാര്‍ അപേക്ഷിച്ചുവെന്നുമാണ് ഐതിഹ്യം. അട്ടപ്പാടിയില്‍ എല്ലാ ദിവസവും പൂജയും വിളക്കും വേണമെന്നു പാര്‍വതി ആവശ്യപ്പെട്ടപ്പോള്‍ ഇവ വര്‍ഷത്തിലൊരിക്കല്‍ മതിയെന്നു പരമശിവന്‍ പറഞ്ഞുവെന്നും പരമശിവന്റെ ആഗ്രഹം നിറവേറ്റാമെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു ശിവനെ മല്ലീശ്വര മുടിയില്‍ പ്രതിഷ്ഠിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന ക്ഷേത്രമാണ് മല്ലീശ്വര ക്ഷേത്രം.
Comments