സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ദേവി ക്ഷേത്രം

Published by
Janam Web Desk

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കരമാനയാറിന്റെയും കിള്ളിയാറിന്റെയും സംഗമ സ്ഥലത്തു സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവീ ക്ഷേത്രമാണ് ആറ്റുകാൽ ദേവി ക്ഷേത്രം . ആദിപരാശക്തിയുടെ ഭദ്രകാളി ഭാവത്തിലാണ് പ്രതിഷ്ഠയെങ്കിലും അന്നപൂർണേശ്വരിയായും കണ്ണകിയായും ആറ്റുകാലമ്മയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു .

കുംഭനാളിലെ കാർത്തിക നാളിൽ ആരംഭിച്ചു പത്തു ദിനങ്ങളിലായി കൊണ്ടാടുന്ന ഉത്സവത്തിൽ ഏറ്റവും പ്രധാനം പൂരവും പൗർണമിയും ചേർന്ന് വരുന്ന ദിനമാണ് . അന്നാണ് പേരുകേട്ട ആറ്റുകാൽ പൊങ്കാല നടത്തപ്പെടുന്നതും , കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ലക്ഷകണക്കിന് സ്ത്രീകൾ വൃതം നോറ്റ് അമ്മക്ക് പൊങ്കാല സമർപ്പിക്കാൻ എത്തുന്നതും . സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നടത്തപ്പെടുന്ന പൊങ്കാലയിൽ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീജനങ്ങൾ പങ്കെടുക്കുന്നതിനാൽ ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട് .

ആറ്റുകാൽ ക്ഷേത്രത്തിന്റെ ഐതിഹ്യം ഇപ്രകാരമാണ് .കാവേരിപട്ടണത്തിലെ ധനികനായ വ്യക്തിയുടെ മകളായിരുന്ന കണ്ണകിയെ വിവാഹപ്രായം എത്തിയപ്പോൾ കോവലൻ എന്ന വ്യക്തിക്ക് ധാരാളം പൊന്നും പണവും നൽകി വിവാഹം ചെയ്തു കൊടുത്തു . എന്നാൽ കോവലൻ മാധവി എന്ന സ്ത്രീയുമായി പ്രണയബന്ധം സ്ഥാപിക്കുകയും , തന്റെ സ്വത്തുക്കൾ മുഴുവൻ അവൾക്കായി ചിലവഴിക്കുകയും ചെയ്തു. ഒടുവിൽ ദരിദ്രനായി മാറിയ കോവലനെ മാധവി പുറത്താക്കുകയും , തെറ്റ് മനസിലാക്കിയ അയാൾ കണ്ണകിയുടെ അടുത്ത് തിരിച്ചെത്തുകയും ചെയ്തു. പതിവൃതയായിരുന്ന കണ്ണകി അയാളുടെ തെറ്റ് പൊറുത്ത് പുതിയൊരു ജീവിതം ആരംഭിക്കുകയും ചെയ്തു .

എന്നാൽ ദാരിദ്ര്യത്തിൽ മുങ്ങി പോയിരുന്ന അവരുടെ ജീവിതം കരുപ്പിടിപ്പിക്കാൻ , കണ്ണകിയുടെ പവിഴം നിറച്ച ചിലമ്പ് വിൽക്കുവാൻ തീരുമാനിച്ചു കൊണ്ട് മധുരയിലേക്ക് പുറപ്പെട്ടു . ആ സമയം പാണ്ഡ്യരാഞ്ജിയുടെ മുത്ത് നിറച്ച ചിലമ്പ് മോഷണം പോയിരുന്നു . കൊട്ടാരം തട്ടാൻ തന്നെയായിരുന്നു ചിലമ്പ് മോഷ്ടിച്ചിരുന്നത് . കോവലനും കണ്ണകിയും നിർഭാഗ്യവശാൽ ചിലമ്പ് വിൽക്കാനായി എത്തിപ്പെട്ടത് അതെ തട്ടാന്റെയടുത്തായിരുന്നു . അയാൾ അവസരം മുതലാക്കി രാഞ്ജിയുടെ ചിലമ്പ് മോഷ്ടിച്ചത് കോവലനാണെന്ന് പാണ്ഡ്യരാജാവിനെ അറിയിക്കുകയും , രാജാവിന്റെ പട്ടാളക്കാർ കോവലനെ ബന്ദിയാക്കി രാജസദസ്സിൽ ഹാജരാക്കുകയും ചെയ്തു . എന്നാൽ ചിലമ്പിനുള്ളിൽ പവിഴമാണെന്നുള്ളത് തെളിയിക്കാൻ കോവലൻ പരാജയപ്പെടുകയും , രാജാവ് അയാൾക്ക്‌ മരണശിക്ഷ നൽകുകയും ചെയ്തു .

ഇതറിഞ്ഞു ദുഖിതയായി കൊട്ടാരത്തിൽ എത്തിയ കണ്ണകി , തന്റെ ചിലമ്പ് നിലത്തെറിഞ്ഞു പൊട്ടിക്കുകയും , അതിൽ നിന്ന് പുറത്തു ചാടിയ പവിഴങ്ങൾ കണ്ടു രാജാവും രാഞ്ജിയും പശ്ചാത്താപത്തിൽ പെടുകയും ചെയ്തു . തന്റെ ദുഖത്തിന്റെ ആധിക്യത്തിൽ കണ്ണകി തന്റെ മുല പറിച്ചെറിയുകയും , അത് ചെന്ന് വീഴുന്ന സ്ഥലം കത്തി ചാമ്പലാവും എന്ന് ശപിക്കുകയും ചെയ്തു . അതോടെ അവിടെ നിന്ന് കണ്ണകിയെ കാണാതായി .

ആറ്റുകാലുണ്ടായിരുന്ന പ്രസിദ്ധമായിരുന്ന തറവാട്ടിലെ പരമസാത്വികനായ കാരണവർ കിള്ളിയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒരു ബാലിക തന്നെ അക്കരെ കടത്തി വിടാമോ എന്ന് ചോദിക്കുകയും , അദ്ദേഹം തന്റെ തോളിൽ കയറ്റി ബാലികയെ അക്കരെയെത്തിക്കുകയും ചെയ്തു . അന്ന് രാത്രി കാരണവരുടെ സ്വപ്നത്തിൽ ബാലിക അവതരിക്കുകയും , താൻ ആദിപരാശക്തിയാണെന്നും , നാളെ രാവിലെ അടുത്തുള്ള കാവിൽ ചെന്ന് മൂന്ന് വരകളുള്ള സ്ഥലത്തു തന്നെ കുടിയിരുത്തണം എന്നാവശ്യപ്പെടുകയും ചെയ്തു . ആദിപരാശക്തിയുടെ മറ്റൊരു ഭാവമായ കണ്ണകിയാണ് ബാലിക രൂപത്തിൽ കാരണവരുടെ മുന്നിൽ അവതരിച്ചത് എന്നും വിശ്വസിക്കുന്നു .

പിറ്റേന്ന് തൊട്ടടുത്തുള്ള കാവിൽ ചെന്ന കാരണവർ ശൂലം കൊണ്ട് വരച്ച മൂന്ന് വരകൾ കാണുകയും , അദ്ദേഹം അവിടെ ക്ഷേത്രം പണിയുകയും ദേവിയെ കുടിയിരുത്തുകയും ചെയ്തു . പിന്നീട് ക്ഷേത്രം പുതുക്കി പണിതപ്പോൾ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ഭദ്രകാളിയെ പ്രതിഷ്ഠിക്കുകയും ചെയ്തു.

ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഭക്തരുടെ ആത്മസമർപ്പണമാണ് . മനസ്സുരുകി അമ്മക്ക് പൊങ്കാല അർപ്പിച്ചാൽ ആഗ്രഹ സാഫല്യം ഉണ്ടാകും എന്നുള്ളത് സുനിശ്ചിതമാണ് . വൃത ശുദ്ധിയോടെ വേണം പൊങ്കാല സമർപ്പണം . ശ്രീകോവിലിൽ നിന്ന് തെളിയിക്കുന്ന ദീപം ക്ഷേത്രത്തിന് മുന്നിലുള്ള പണ്ഡാര അടുപ്പിൽ തെളിയിച്ചതിന് ശേഷമേ പൊങ്കാല അടുപ്പിൽ അഗ്നി പകരുകയുള്ളൂ . പൊങ്കാല നിവേദ്യമായി ഭക്തർ സാധാരണയായി വെള്ളച്ചോറ് , വെള്ളപായസം , കുമ്പിൾ , ശരക്കരപായസം തുടങ്ങിയവയാണ് ഉണ്ടാക്കുക .

പൊങ്കാല നിവേദ്യം , താലപ്പൊലി , കുത്തിയോട്ടം , പുറത്തെഴുന്നള്ളിപ്പ് , പാടി കാപ്പഴിക്കൽ , ഗുരുതി എന്നിവയോടു കൂടിയാണ് മഹോത്സവം സമാപിക്കുന്നത് . മാതൃഭാവത്തിലുള്ള ആറ്റുകാലമ്മയെ വണങ്ങുന്നത് സർവദുഃഖത്തിനും ശമനം ഉണ്ടാക്കുന്നതാണ് .

Share
Leave a Comment