വളർത്തുമൃഗമായി മിക്കവരും തിരഞ്ഞെടുക്കുന്നത് നായയെ ആണ്. മനുഷ്യനും നായയും തമ്മിലുള്ള സ്നേഹത്തെക്കാൾ വലുതായി മറ്റൊരു ബന്ധമില്ല എന്ന് തന്നെയായിരിക്കും നായസ്നേഹികൾ പറയുക. നായസ്നേഹികൾക്കുള്ള ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട നായകുട്ടികൾക്ക് ഇനി ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വളർത്തുനായകൾക്കുള്ള ഇൻഷുറൻസ് പോളിസി അവതരിപ്പിച്ചിരിക്കുകയാണ് ബജാജ് അലയൻസ്. അന്താരാഷ്‌ട്ര ശ്വാന ദിനമായിരുന്ന ആഗസ്റ്റ് 26നാണ് ബജാജ് അലയൻസ് ഇത്തരമൊരു പോളിസി പുറത്തിറക്കിയത്.
ഈ പോളിസിയിൽ വളർത്തുനായകളുടെ ശസ്ത്രക്രിയയ്‌ക്കും ഹോസ്പിറ്റലൈസേഷനുമുള്ള ചിലവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടെർമിനൽ ഡിസീസസ് കവർ, ഒപിഡി കവർ, മോർട്ടാലിറ്റി ബെനിഫിറ്റ് കവർ, ലോംഗ് ടേം കവർ, തേർഡ് പാർട്ടി ബാധ്യത കവർ, നായ മോഷണം പോയാലോ/വഴിതെറ്റിയാലോ/നഷ്ടപ്പെട്ടാലോ ഉള്ള കവർ എന്നിവയിൽ നിന്ന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.
ഇൻഷുറൻസ് പരിരക്ഷയുള്ള നായയ്‌ക്ക് എന്തെങ്കിലും സംഭവിച്ചാൽ കാലയളവില്ലാതെ പരിരക്ഷിക്കുമെന്നും പോളിസിയിൽ പറയുന്നു.
കൂടാതെ നായ മോഷണം പോവുകയോ നായ മറ്റൊരാളെ ആക്രമിക്കുകയോ വസ്തുവകകൾ നശിപ്പിക്കുകയോ ചെയയ്താൽ ഇൻഷുറൻസ് പരിരക്ഷയ്‌ക്കൊപ്പം ഉടമയ്‌ക്ക് നിയമപരമായ സംരക്ഷണവും ലഭിക്കും.
315 രൂപയിൽ (GST ഒഴികെ) ആരംഭിക്കുന്ന പോളിസി പ്രീമിയം പ്രായം, വലുപ്പം, ലിംഗം, തിരഞ്ഞെടുത്ത പ്ലാൻ, തിരഞ്ഞെടുത്ത കവറുകൾ എന്നിവ കൂടി പരിഗണിക്കുന്നതനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്. ആർഎഫ്ഐഡി ടാഗിംഗിന്റെ കാര്യത്തിൽ ഇൻഷുറൻസ് പ്രകാരം പ്രീമിയത്തിൽ 5% കിഴിവും ലഭിക്കുന്നതാണ്.
3 മാസം മുതൽ 10 വയസ്സ് വരെയുള്ള നായകൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. അതേ സമയം പ്രായക്കൂടുതൽ ഉള്ള നായകളുടെ മെഡിക്കൽ പരിശോധന കാര്യങ്ങളിൽ പോളിസി സഹായം ലഭ്യമാവില്ല.
പെഡിഗ്രി, നോൺ-പെഡിഗ്രി, ക്രോസ്-ബ്രെഡ്, എക്സോട്ടിക് ഇനങ്ങൾ എന്നീ വിഭാഗത്തിലുള്ള നായകൾക്ക് പരിരക്ഷ ലഭിക്കുന്നതാണ്.
Comments