കഴിഞ്ഞ ദിവസം ജപ്പാനിലെ ഫുജിത ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ കുറഞ്ഞ സാന്ദ്രതയിൽ ഓസോൺ തെറാപ്പി ഉപയോഗിക്കുന്നത് കൊറോണ വൈറസിനെ നിർവീര്യമാക്കാൻ സഹായിക്കും എന്ന് വെളിപ്പെടുത്തിയിരുന്നു . അടഞ്ഞ മുറികളിലും ആളുകൾ കൂടുന്ന സ്ഥലങ്ങൾ അതായത് ആശുപത്രികൾ , ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുറഞ്ഞ സാന്ദ്രതയിൽ ഓസോൺ വാതകം പ്രവഹിപ്പിക്കുന്നത് കൊറോണ വൈറസിനെ നിർവീര്യമാക്കുകയും തന്മൂലം രോഗം പടരുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും എന്നുള്ളതാണ് കണ്ടുപിടിത്തം .
എന്താണ് ഓസോൺ തെറാപ്പി ? പല തരത്തിലുള്ള രോഗങ്ങൾ ചികിൽസിക്കാൻ വേണ്ടി ഉപയോഗിക്കുന്ന അധികം സ്വീകരിക്കപ്പെടാത്ത ഒരു ചികിത്സ രീതിയാണ് ഓസോൺ തെറാപ്പി . ഓക്സിജന്റെ മറ്റൊരു രൂപമായ ഓസോൺ ചികിത്സയുടെ ഭാഗമായി വാതക രൂപത്തിലോ ദ്രവ രൂപത്തിലോ അണുനശീകരണത്തിനായി ഉപയോഗിക്കുന്നു . വർഷങ്ങളായി ചികിത്സ രംഗത്ത് ഓസോൺ തെറാപ്പി ഉപയോഗിച്ച് പോരുന്നു , എന്നാൽ ആരോഗ്യത്തിന് ഹാനികരമാകാം എന്ന ഒരു വാദം ഉന്നയിക്കപ്പെട്ടതിനാൽ പലപ്പോഴും ഈ ചികിത്സാരീതി അധികമാരും പ്രയോജനപ്പെടുത്താറില്ല .
ഓസോൺ തെറാപ്പി ഉപയോഗിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട് . പ്രധാനമായും മൂന്ന് തരത്തിലുള്ള ഓസോൺ ചികിത്സാരീതിയാണ് ഉപയോഗിക്കാറുള്ളത് .ഒന്നാമത്തേത് : മാരകമായ മുറിവുകൾക്കും മറ്റും ഓസോൺ തെറാപ്പി ചികിത്സാരീതി സ്വീകരിക്കുകയാണെങ്കിൽ , നേരിട്ട് മുറിവുകളിലേക്ക് ഇവ പുരട്ടുകയോ കടത്തിവിടുകയോ ആണ് ചെയ്യുക . ഓസോൺ ശ്വസിക്കാതിരിക്കാൻ ഒരു കവചത്തിനകത്തുകൂടിയായിരിക്കും മുറിവുകളിലേക്ക് ഇവ കടത്തി വിടുകയോ പുരട്ടുകയോ ചെയ്യുക .
രണ്ടാമത്തെ ചികിത്സ രീതി ഞരമ്പിൽ കൂടി രക്തത്തിനുള്ളിലേക്ക് കുത്തി വെക്കുകയാണ് . എന്നാൽ ഈ ചികിത്സാരീതിക്ക് ഒരുപാട് ദൂഷ്യവശങ്ങളുണ്ട് . മൂന്നാമത്തെ ചികിത്സാരീതി ഓസോൺ ഓക്സിജനുമായി കലർത്തി ദശക്കുള്ളിലേക്ക് കുത്തി വെക്കുക എന്നതാണ് . ഓസോൺ തെറാപ്പി ചികിത്സ രീതി ഉപയോഗിക്കുന്നവർ , അവ ശ്വസിക്കാതിരിക്കുവാൻ വേണ്ടി വളരെയധികം മുൻകരുതലുകൾ എടുക്കേണ്ടതും ശ്രദ്ധ ചെലുത്തേണ്ടതുമാണ് .അധിക സാന്ദ്രതയിൽ ഓസോൺ ഉപയോഗിച്ചാൽ മനുഷ്യരിൽ ശ്വാസതടസം , കണ്ണെരിച്ചിൽ , തലകറക്കം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും .
ഇത്തരത്തിൽ ഒരു സാഹചര്യത്തിലാണ് ഫ്യൂജിത ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ കുറഞ്ഞ സാന്ദ്രതയിൽ ഓസോൺ തെറാപ്പി കൊറോണ വൈറസിനെ നിർവീര്യമാക്കാൻ സഹായിക്കും എന്ന നിരീക്ഷണത്തിൽ എത്തി ചേർന്നിരിക്കുന്നത് . വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ല എങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്ന ഓസോൺ തെറാപ്പി കൊറോണക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചാൽ ലോകത്തിന് ആശ്വാസം പകരുന്ന മഹത്തായ ഒരു കണ്ടുപിടിത്തം ആയിരിക്കും ഇത് എന്നതിൽ യാതൊരു സംശയവുമില്ല .















