ടോക്കിയോവില്‍ ഒളിമ്പിക്‌സ് ദീപം പ്രദര്‍ശനം തുടങ്ങി

Published by
Janam Web Desk

ടോക്കിയോ: കൊറോണ അനിശ്ചിതത്വത്തിലാക്കിയ ലോക കായിക മാമാങ്കത്തിനായി മാനസികമായി തയ്യാറായി ജപ്പാന്‍. അടുത്ത വര്‍ഷത്തേയ്‌ക്ക് മാറ്റിവച്ചിരിക്കുന്ന ഒളിമ്പിക്‌സിന്റെ പ്രതീക്ഷ ഉണര്‍ത്തി ദീപം പൊതു പ്രദര്‍ശനത്തിന് വച്ചുകൊണ്ടാണ് സംഘാടക സമിതി ഒരുക്കങ്ങള്‍ പുനരാരംഭിച്ചിരിക്കുന്നത്.

ജപ്പാന്‍ കായിക പ്രേമികളെ സന്തോഷിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംഘാടക സമിതി അറിയിച്ചു. ടോക്കിയോ ഒളിമ്പിക്‌സ് സംഘാടക സമിതി പ്രസിഡന്റ് യൊഷീറോ മോറിയാണ് ചടങ്ങ് നിര്‍വ്വഹിച്ചത്. ടോക്കിയോ നഗരത്തിലെ പ്രമുഖ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ഒളിമ്പിക്‌സ് ദീപം ഇന്നലെ ഔദ്യോഗികമായി തെളിയിച്ചാണ് ഒരുക്കങ്ങള്‍ ഒരു ഇടവേളയ്‌ക്ക് ശേഷം പുനരാരംഭിച്ചിരിക്കുന്നത്.

പൊതുജനങ്ങളിലേയ്‌ക്ക് ഒളിമ്പിക്‌സ് ആവേശം തിരികെ എത്തിക്കാനായി ദേശീയ സ്റ്റേഡിയ ത്തിലാണ് ദീപം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നിയന്ത്രിത എണ്ണത്തില്‍ കായിക പ്രേമികളെ ആകര്‍ഷിക്കാനാണ് തീരുമാനം. കഴിഞ്ഞ മാര്‍ച്ചില്‍ ഒളിമ്പിക്‌സിന്റെ പരമ്പരാഗത രീതിയിലാണ് ദീപം ഒളിമ്പിക്‌സിന്റെ തട്ടമായ ഗ്രീസില്‍ നിന്നും ജപ്പാനിലേയ്‌ക്ക് വിമാന മാര്‍ഗ്ഗത്തില്‍ എത്തിച്ചത്. ദീപശിഖാ പ്രയാണം ജപ്പാനില്‍ ആരംഭിച്ചെങ്കിലും തുടര്‍ന്ന് കാണികളില്ലാതെ കൊറോണ കാലം ഭീതി വിതച്ചതോടെ പരിപാടി ഇടയ്‌ക്ക് വച്ച് അവസാനിപ്പിക്കുകയായിരുന്നു.

Share
Leave a Comment