ഇടിയപ്പം കഴിക്കാത്തവരായി ആരുമില്ല. എല്ലാവര്ക്കും ഇഷ്ടപ്പെട്ട ഒരു പലഹാരമാണ് ഇടിയപ്പം. സാധാരണയായി അരികൊണ്ടുള്ള ഇടിയപ്പമാണ് എല്ലാവരും ഉണ്ടാകാറുള്ളത്. നേന്ത്രപഴം കൊണ്ടുള്ള ഇടിയപ്പം കഴിച്ചവര്‍ പൊതുവേ കുറവാണ്. എന്നാല്‍ ഒരു വട്ടം കഴിച്ചു നോക്കിയാല്‍ പിന്നെ വീണ്ടും കഴിക്കാന്‍ തോന്നുന്ന സ്വാദിഷ്ഠമായ ഒരു വിഭവമാണ് നേന്ത്രപഴം കൊണ്ടുള്ള ഇടിയപ്പം. എളുപ്പം ഉണ്ടാക്കാവുന്ന ഈ വിഭവം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണിത്. ഇതിനായി നല്ല പഴുത്ത നേന്ത്രപ്പഴം എടുത്ത് തൊലി കളഞ്ഞ് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. പുഴുങ്ങിയ പഴമാണെങ്കില്‍ കുറച്ചുകൂടി സ്വാദ് കൂടും.
അടുപ്പില്‍ മുക്കാല്‍ കപ്പ് വെള്ളം വെച്ചതിനു ശേഷം അതിലേക്ക് ഉപ്പ്, അര ടേബിള്‍ സ്പൂണ്‍ പഞ്ചസാര രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. വെളളം നന്നായി തിളച്ചുവരുമ്പോള്‍ തീ ചെറുതാക്കി അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ട് നന്നായി ഇളക്കുക. അതിലേയ്ക്ക് അരച്ചു വെച്ച പഴവും ചേര്‍ത്ത് ഒരു മിനിറ്റ് നന്നായി ഇളക്കുക. തീ ഓഫാക്കി തണുക്കാനായി വയ്ക്കുക. തണുത്ത ശഷം ഇത് ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.
പിന്നീട് ഇടിയപ്പം ഉണ്ടാക്കുന്ന തട്ടില്‍ എണ്ണ തൂവിയ ശേഷം കുഴച്ചെടുത്ത മാവ് അച്ചിലിട്ട് തിരിച്ചെടുക്കുക. അതിനു മുകളില്‍ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം വിതറി കൊടുക്കുക. ഇത് ഇടിയപ്പത്തിന്റെ സ്വാദ് കൂട്ടുന്നു. പാത്രത്തില്‍ വെള്ളം വച്ച് അതു നന്നായി തിളക്കുമ്പോള്‍ ഓരോ തട്ടായി വെച്ചു കൊടുക്കുക. വളരെ സ്വാദിഷ്ടവും വ്യത്യസ്തമായ ഇടിയപ്പം എളുപ്പം തന്നെ തയ്യാറാക്കാം. നാലുമണി പലഹാരമായും കഴിക്കാവുന്ന ഒരു വിഭവമാണിത്. മധുരമുള്ള ഈ ഇടിയപ്പം സാധാരണ ഇടിയപ്പത്തെക്കാള് കുട്ടികള്‍ എളുപ്പം കഴിക്കും.
Comments