കേക്കുകള്‍ കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമായ ഒരു വിഭവമാണ് കേക്ക്. എന്നാൽ കേക്ക് തയ്യാറാക്കുക എന്ന് കേള്‍ക്കുമ്പോള്‍ വീട്ടമ്മമാരുടെ മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് ഒന്നും അതിനാവശ്യമായ സാധനങ്ങളൊന്നും വീട്ടിലില്ലോ എന്നാണ്. ഇനി അതോര്ത്തുളള ടെന്‍ഷന്‍ വേണ്ട. ഒരു കപ്പു ഗോതമ്പും കുറച്ച് ശര്‍ക്കരയും വീട്ടിലുണ്ടോ എന്നാല്‍ എളുപ്പത്തില്‍ തയ്യാറാക്കാം സ്വാദിഷ്ടമായ ഗോതമ്പ് കേക്ക്.
ഇത് തയ്യാറാക്കാനായി മൂന്ന് ഉണ്ട ശര്‍ക്കരയെടുത്ത് നന്നായി ഉരുക്കിയെടുക്കുക. പിന്നീട് ഒരു പാത്രത്തില്‍ രണ്ട് കപ്പ് ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും ഏലയ്ക്കാ പൊടിച്ചതും, നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ശര്‍ക്കര ലായിനിയും ചേര്‍ത്ത് നന്നായി ഇളക്കുക. അഞ്ചു മിനിറ്റ് നേരം ഇങ്ങനെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ സണ്‍ഫ്ളവര്‍ ഓയില്‍ കൂടി ചേര്‍ത്ത് കൊടുക്കുക, പിന്നീട് അഞ്ചു മിനിറ്റ് നന്നായി മിക്സ് ചെയ്യുക.
അതിനു ശേഷം ഒരു പാത്രത്തിന്റെ ഉളളില്‍ നന്നായി എണ്ണ തൂവിയ ശേഷം പാത്രത്തിന്റെ അടിയില്‍ ഒരു ബേക്കിങ്ങ് പേപ്പര്‍ വെച്ചു തയ്യാറാക്കിയ മിശ്രിതം മുഴുവനായി പാത്രത്തിലേയ്ക്ക് ഒഴിക്കുക. പിന്നീട് ഇത് ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുക. അഞ്ചു മിനിറ്റ് ചെറു തീയില്‍ വേവിക്കുക. അതിനു ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റുക. വളരെ സ്വാദിഷ്ടമായ ഗോതമ്പ് കേക്ക് തയ്യാര്‍. ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ചതിനു ശേഷം ഉപയോഗിക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. വൈകുന്നേരങ്ങളില്‍ ചായ്ക്കു പലഹാരമായും കുട്ടികള്‍ക്കും ഇട നേരത്തും കഴിക്കാവുന്നതാണിത്.
Comments